07 May, 2020 09:50:25 PM


ജോലിയ്ക്കായി ചെന്നൈയിലെത്തി ! ഒടുവില്‍ രക്ഷയില്ലാതെ സൈക്കിള്‍ ചവിട്ടി അടൂരിലേക്ക്



പത്തനംതിട്ട: തൊഴില്‍തേടി ചെന്നെയിലെത്തി ലോക്ഡൌണില്‍ കുടുങ്ങിയ പത്തനംതിട്ട സ്വദേശി യുവാവ് നാട്ടില്‍ തിരിച്ചെത്തിയത് അതിസാഹസികമായി. അടൂര്‍ പെരിങ്ങനാട് മുളമുക്ക് ഷാരോണ്‍വില്ലയില്‍ അനീഷ് ഷാജന്‍ ആണ് സൈക്കിളില്‍ യാത്രചെയ്ത് ചെന്നൈയില്‍നിന്നും നാട്ടിലെത്തിയത്.


ചെന്നൈയിലെ അക്കൗണ്ട്സ് സ്ഥാപനത്തില്‍ നിന്ന് നിയമന ഉത്തരവ് വന്നെങ്കിലും ലോക്ക്ഡൗണ്‍ മൂലം ജോലിയില്‍ പ്രവേശിക്കാനായില്ല. തുടര്‍ന്ന് ലോക്ഡൗണ്‍ തീരും വരെ അവിടെ തങ്ങാന്‍ പറ്റാതെ വന്നതോടെ കിലോമീറ്ററുകളോളം സൈക്കിള്‍ ചവിട്ടാന്‍ തീരുമാനിക്കുകയായിരുന്നു. ആന്‍റോ ആന്‍റണി എംപിയുടെയും പൊലീസുകാരുടെയും കരുണയില്‍ പാസും വാഹനങ്ങളും തരപ്പെടുത്താനായതിനാല്‍ 632 കിലോമീറ്റര്‍ താണ്ടി വീട്ടിലെത്താനായി.


ഇന്‍റര്‍വ്യൂവിനായി മാര്‍ച്ച് രണ്ടിനാണ് അനീഷ് ചെന്നൈയിലേക്ക് പോയത്. മൂന്നിനും നാലിനുമായിരുന്നു ഇന്‍റര്‍വ്യൂ. ഇതില്‍ വിജയിക്കുകയും 23ന് ജോലിക്കായി ഹാജരാകാന്‍ നിര്‍ദേശം ലഭിക്കുകയും ചെയ്തു. ചെന്നൈയിലുള്ള സഹോദരന്‍ എബീഷിന്റെ കൂടെ താമസിച്ച് ജോലിക്കു പോകാനായിരുന്നു തീരുമാനം. അതിനിടയിലാണ് 24 മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ വിളിക്കുമ്പോള്‍ ജോലിക്ക് എത്തിയാല്‍ മതിയെന്ന് സ്ഥാപനത്തില്‍ നിന്ന് അറിയിപ്പും എത്തി.


സഹോദരന്‍ എബീഷിന്‍റെ ജോലിയും ഇല്ലാതായതോടെ വിഷമത്തിലായി ഈ സഹോദരങ്ങള്‍. ഗതാഗതം പൂര്‍ണമായും നിരോധിച്ചതിനാല്‍ നാട്ടിലേക്കുള്ള യാത്രയും തടസ്സപ്പെട്ടു. നിരോധനം നീണ്ടു പോകുന്നതിനാല്‍ അവിടെ തങ്ങുന്നതിനും പ്രയാസം നേരിട്ടു. അതിനിടെ ലോക്ക്ഡൗണ്‍ മൂന്നാംഘട്ടത്തില്‍ ഇളവുകള്‍ വന്നതോടെയാണ് നാട്ടിലെത്താന്‍ അനീഷ് അറ്റകൈ പ്രയോഗം നടത്തിയത്.


തുടര്‍ന്ന് ഒഎല്‍എക്സ് വഴി സംഘടിപ്പിച്ച സൈക്കിള്‍ ചവിട്ടി ഗൂഗിള്‍ മാപ്പു നോക്കി കഴിഞ്ഞ നാലിന് രാവിലെ നാട്ടിലേക്ക് യാത്ര തിരിച്ചു. ഏകദേശം 120 കിലോമീറ്റര്‍ താണ്ടി വൈകിട്ട് 3.30ന് പൊലീസ് പരിശോധനയുള്ള സ്ഥലത്തെത്തി. അവിടെയുണ്ടായിരുന്ന പൊലീസുകാരുടെ സഹായത്താല്‍ ഒരു ലോറിയില്‍ സൈക്കിള്‍ കയറ്റി മധുരയിലെത്തി.


വീണ്ടും രണ്ടു കിലോമീറ്റര്‍ സൈക്കിളില്‍ പോകവെ ഒരു ലോറിക്ക് കൈകാണിച്ച് അതില്‍ കയറി തേനിയില്‍ എത്തി. വനിതാ പൊലീസ് സഹായിച്ച് മിനി ലോറിയില്‍ കമ്പത്ത് ഇറങ്ങി. വീണ്ടും 20 കിലോമീറ്ററിലേറെ ദൂരം സൈക്കിള്‍ ചവിട്ടി കുമളിയില്‍ വന്നു. സംസ്ഥാനാതിര്‍ത്തിയായതിനാല്‍ കേരളത്തിലേക്ക് കടക്കണമെങ്കില്‍ പാസ് വേണം. എന്നാല്‍ നേരത്തെ ഓണ്‍ലൈനില്‍ പാസിനായി ശ്രമിച്ചെങ്കിലും കിട്ടിയില്ല.


നാട്ടിലുള്ള പള്ളിക്കല്‍ പഞ്ചായത്ത് അംഗം ജോളി സെനന്‍ വഴി ആന്‍റോ ആന്‍റണി എംപി വിവരമറിഞ്ഞു. എംപിയാണ് കുമളിയില്‍ നിന്ന് പാസും നാട്ടിലെത്താന്‍ ജീപ്പും ലഭ്യമാക്കി കൊടുത്തത്. ഒടുവില്‍ ചൊവ്വാഴ്ച രാത്രിയോടെ അനീഷ് വീട്ടിലെത്തുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K