23 April, 2020 08:22:32 AM
'പേടി കൂടാതെ എഴുതാനും അടി കിട്ടാതെ വസിക്കാനും...'; പുസ്തകദിനത്തില്‍ ജേക്കബ് തോമസിന്‍റെ സന്ദേശം
തിരുവനന്തപുരം: "പേടി കൂടാതെ പുസ്തകം എഴുതാനും, മടി കൂടാതെ പുസ്തകം വായിക്കാനും, അടി കിട്ടാതെ എഴുത്തുകാര്‍ക്ക് വസിക്കാനും പടി നല്‍കുന്ന നാടുകളെ അനുമോദിക്കാം."
ഇന്ന് ലോക പുസ്തകദിനം. ഈ ദിനത്തില്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച വാചകങ്ങളാണിത്. ഒരു പുസ്തകമെഴുതിയതിന്‍റെ പേരില്‍ ഒട്ടേറെ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്ന അദ്ദേഹത്തിന്‍റെ മാനസികബുദ്ധിമുട്ടുകളാണ് ഈ വരികളിലൂടെ പ്രകടമാകുന്നത്.
സര്‍വീസ് ചട്ടം ലംഘിച്ച് പുസ്തകമെഴുതി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിജിപിയായിരുന്ന ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്തി. മെയ് 31 ന് വിരമിക്കാനിരിക്കെയായിരുന്നു കഴിഞ്ഞ ജനുവരിയില്‍ ഇദ്ദേഹത്തിനെതിരെ നടപടിയുണ്ടായത്. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നായിരുന്നു വിശദീകരണം. അനുമതിയില്ലാതെ പുസ്തകമെഴുതിയത് അച്ചടക്ക ലംഘനമാണെന്നാണ് നോട്ടീസില്‍ ചൂണ്ടികാട്ടിയത്.
പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ വിജിലന്‍സ് ഡയറക്ടറായി നിയമിതനായ ജേക്കബ് തോമസ് പിന്നീട് സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന സാഹചര്യത്തിലേക്കെത്തി. സര്‍ക്കാരും ജേക്കബ് തോമസും തമ്മിലുള്ള തര്‍ക്കത്തിന്റെ ഭാഗമായാണ് ഈ തരംതാഴ്ത്തലിനെ ഏവരും നോക്കികണ്ടത്. ഓഖി ദുരന്തത്തിന് പിന്നാലെ നടത്തിയ പരാമര്‍ശം മുതലാണ് സര്‍ക്കാരുമായി ജേക്കബ് തോമസ് ഇടയുന്നത്. ഇതിന് പിന്നാലെ 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പേരില്‍ വിവിധ വകുപ്പുകള്‍ക്കെതിരേ ഗുരുതര ആരോപണമുന്നയിക്കുന്ന പുസ്തകമെഴുതി. ഈ പുസ്തകമെഴുത്താണ് അച്ചടക്ക നടപടിക്ക് കാരണമായത്.
ഒരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരേ തരംതാഴ്ത്തല്‍ നടപടിയുണ്ടാകുന്നത് ആദ്യമായാണ്. നിലവില്‍ സര്‍വീസിലുള്ള ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ഉദ്യോഗസ്ഥാനാണ് ജേക്കബ് തോമസ്. 1985 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. നിലവില്‍ പോലീസ് ചുമതലകളില്‍ നിന്ന് മാറ്റി മെറ്റല്‍ ആന്‍ഡ് സ്റ്റീല്‍സില്‍ എംഡി ആയി നിയമിച്ചിരിക്കുകയാണ് അദ്ദേഹത്തെ.
ജേക്കബ് തോമസിനെതിരേ അനധികൃത സ്വത്ത് സമ്പാദനത്തില്‍ കഴിഞ്ഞയാഴ്ച ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തമിഴ്‌നാട്ടിലെ രാജപാളയത്ത് 50.33 ഏക്കര്‍ ഭൂമി വാങ്ങി എന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.