18 April, 2016 04:25:05 PM
തിരഞ്ഞെടുപ്പിന് മുമ്പ് നെല്ല് വില കൊടുത്തു തീര്‍ക്കും : മുഖ്യമന്ത്രി
എടത്വാ: തെരഞ്ഞെടുപ്പിന് മുമ്പു നെല്ലുവില കൊടുത്തുതീര്‍ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുട്ടനാട് നിയോജകമണ്‌ഡലം യു.ഡി.എഫ്. സ്‌ഥാനാര്‍ഥി അഡ്വ. ജേക്കബ് എബ്രഹാമിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടനാട്ടിലെ കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ല് വില കേന്ദ്രവിഹിതമായ 14 രൂപ 10 പൈസ കര്‍ഷകര്‍ക്ക് നല്‍കി. സംസ്‌ഥാന വിഹിതമായ 7.40 പൈസാ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കൊടുത്തുതിര്‍ക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഐക്യജനാധിപത്യമുന്നണിയുടെ ശക്‌തി കേന്ദ്രമായ കുട്ടനാട്ടില്‍ രണ്ട് പ്രാവശ്യം മണ്‌ഡലം കൈവിട്ടെങ്കിലും ഇത്തവണ മുന്നണി സ്‌ഥാനാര്‍ഥിയുടെ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്‌ഥാനം ഭരിച്ച യു.ഡി.എഫ്. സര്‍ക്കാര്‍ ജനങ്ങളോട് പറഞ്ഞ എല്ലാ കാര്യങ്ങളും നിറവേറ്റിയിട്ടുണ്ട്. ഭരണ നേതൃത്വം ഏറ്റെടുക്കുമ്പോള്‍ രണ്ട് രൂപയ്‌ക്ക് അരി കൊടുക്കാമെന്ന് പ്രകടനപത്രികയില്‍ വാഗ്‌ദാനം ചെയ്‌ത കാര്യം 100 ദിവസം കൊണ്ട് ഒരു രൂപയ്‌ക്ക് നല്‍കാനും ഇപ്പോള്‍ സൗജന്യ വിതരണം നടത്താനും സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. പണാധിപത്യമല്ല,
ജനാധിപത്യമാണ് നിയമ വ്യവസ്‌ഥക്ക് അനിവാര്യമെന്ന് മുഖ്യപ്രഭാഷണം നടത്തി മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. കുട്ടനാട് പാക്കേജിന്റെ ടെന്‍ഡര്‍ ക്ഷണിച്ചിട്ടും 80 ശതമാനം കരാറുകാര്‍ പോലും എത്താതിരുന്നതാണ് പാക്കേജ് നടത്തിപ്പിന് വന്ന പാളിച്ചെന്നും എം.എല്‍.എ. മുന്‍കൈയെടുക്കാതിരുന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.