15 April, 2020 12:57:52 AM


പത്തനംതിട്ടയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ ആരംഭിച്ചു; ടീമില്‍ ഒമ്പത് പേര്‍



പത്തനംതിട്ട: ജില്ലയിലെ മുഴുവന്‍ വനിതകള്‍ക്കും പ്രയോജനം ലഭിക്കുംവിധം പത്തനംതിട്ടയിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയ്ക്ക് അകത്തുള്ള ഏതു വനിതയ്ക്കും വനിതാ പോലീസ് സ്റ്റേഷനെ സമീപിക്കാനാകുമെന്നും സ്ത്രീകള്‍ക്ക് ആത്മവിശ്വാസത്തോടെ കടന്നുചെല്ലാവുന്ന ഇടമായിരിക്കും  ഈ സ്‌റ്റേഷനെന്നും വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. ജില്ലാ ആസ്ഥാനത്ത് ഇത്തരം ഒരു സ്റ്റേഷന്‍ പ്രവര്‍ത്തനം യാഥാര്‍ത്ഥ്യമാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും എം.എല്‍.എ പറഞ്ഞു. ഒരു പോലീസ് സ്റ്റേഷനുവേണ്ട എല്ലാവിധ സജീകരണങ്ങളും ജില്ലാ വനിതാ പോലീസ് സ്റ്റേഷനും ഒരുക്കിയിട്ടുണ്ടെന്നു ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു.


ജില്ലയിലെ വനിതകളുടെ പരാതികള്‍, വനിതകള്‍ ഉള്‍പെട്ട കുറ്റകൃത്യങ്ങള്‍, സേവനങ്ങള്‍ എന്നിവയാകും  വനിതാ പോലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്നത്. എസ്.എച്ച്.ഒ എ.ആര്‍ ലീലാമ്മയുടെ നേതൃത്വത്തില്‍ മൂന്നു വനിതാ എസ്.ഐമാര്‍, അഞ്ച് വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ എട്ടു പേരാണു നിലവില്‍ ഉള്ളത്.  എസ്.ഐമാരായ പി.ജി വിജയമ്മ, സാലി ജോണ്‍, കെ.കെ സുജാത, പോലീസ് ഓഫീസറന്മാരായ വി.സുനി, എം.ബീന, റസീന ബീഗം, സ്മിതാ കുമാരി, ലേഖ തുടങ്ങിയവരാണു നിലവില്‍ സ്റ്റേഷനിലെ ടീം അംഗങ്ങള്‍. മൂന്നു ദിവസത്തിനുള്ളില്‍ കോടതി പരിധി, സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥരുടെ പോസ്റ്റിംഗ്  എന്നീ കാര്യങ്ങളിലും തീരുമാനമാകും.


വനിതാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ടീമില്‍ ജീപ്പ് ഡ്രൈവര്‍ മാത്രമാകും വനിതാ സാന്നിധ്യമല്ലാത്ത ആള്‍. വനിതാ സ്റ്റേഷനായി ഒരു ജീപ്പും രണ്ടു ടൂ വീലറുമാണു പട്രോളിംഗിനായുള്ളത്. ജില്ലാ പോലീസ് ആസ്ഥാനത്തിനു സമീപമുള്ള  കളക്ടറുടെ പഴയ ക്യാമ്പ് ഓഫീസിലാണു പുതിയ വനിതാ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉദ്ഘാടനചടങ്ങുകള്‍ ഒഴിവാക്കുകയായിരുന്നു. സംസ്ഥാനത്ത് നാലു പോലീസ് സ്റ്റേഷനുകളാണ് പുതുതായി ആരംഭിച്ചിട്ടുള്ളത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K