14 April, 2020 09:15:35 PM
വായ്പൂരില്‍ വീടിന്റെ സ്‌റ്റോര്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന 120 ലിറ്റര്‍ കോട പിടികൂടി
മല്ലപ്പള്ളി: എക്സൈസ് സര്‍ക്കിള്‍ സ്‌ക്വാഡ് വായ്പൂരില്‍ നടത്തിയ റെയ്ഡില്‍ 120 ലിറ്റര്‍ കോട പിടികൂടി. ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ കോട സൂക്ഷിച്ചുവച്ച കുറ്റത്തിന് മല്ലപ്പള്ളി വായ്പൂര് ചെറുതോട്ടുവഴി മുറിയില്‍ അശ്വതി ഭവനില്‍ സി.കെ ചന്ദ്രന്റെ (55) പേരില്‍ അബ്കാരി കേസ് എടുത്തു. ഓടിപ്പോയതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. ചന്ദ്രന്റെ വീടിന്റെ സ്‌റ്റോര്‍ മുറിയില്‍ നിന്നാണു കോട കണ്ടെടുത്തത്. 50 ലിറ്റര്‍ കൊള്ളുന്ന ഒരു കന്നാസിലും, 35 ലിറ്റര്‍ വീതം കൊള്ളുന്ന രണ്ടു കന്നാസുകളിലുമായാണു കോട സൂക്ഷിച്ചുവച്ചിരുന്നത്.
മല്ലപ്പള്ളി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.റോബര്‍ട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജി. വിജയദാസ്, പി.എം അനൂപ്, എസ്.മനീഷ്, പത്തനംതിട്ട പ്രിവന്റീവ് ഓഫീസര്‍ മുസ്തഫ എന്നിവര്‍ പങ്കെടുത്തു. വാറ്റ്, വ്യാജമദ്യ നിര്‍മാണം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ 04692682540 (ഓഫീസ്), 9400069470 (എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, മല്ലപ്പള്ളി)എന്നീ നമ്പരുകളില്‍ അറിയിക്കാം.