12 April, 2020 09:30:14 PM
വീടാക്രമിക്കപ്പെട്ട പെൺകുട്ടിക്കെതിരെ കേസ്; ക്വാറന്‍റൈൻ ലംഘിച്ചുവെന്ന് റിപ്പോർട്ട്
പത്തനംതിട്ട: കോന്നി തണ്ണിത്തോട് കോവിഡ് 19 നിരീക്ഷണത്തിലിരിക്കെ വീടാക്രമിക്കപ്പെട്ട പെൺകുട്ടിക്കെതിരെ പൊലീസ് കേസെടുത്തു. ക്വാറന്‍റൈൻ നിർദേശം ലംഘിച്ചതിനെതിരെയാണ് കേസ്. ഹെൽത്ത് ഇൻസ്പെക്ടറുടെ റിപ്പോർട്ടിൻമേലാണ് കേസെടുത്തത്. വീടാക്രമിച്ച കേസിൽ ഉൾപ്പെട്ട സിപിഎം പ്രവർത്തകർക്കെതിരെ ദുർബലമായ വകുപ്പുകൾ ചുമത്തിയതിനെതിരെ പെൺകുട്ടി നിരാഹാരം അനുഷ്ഠിച്ചുവരികയായിരുന്നു. അതിനിടെയാണ് പകർച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച ഓർഡിനൻസ് അനുസരിച്ച് കേസെടുത്തത്.
കോയമ്പത്തൂരിൽ പഠിക്കുന്ന വിദ്യാർഥിനി വീട്ടിലെത്തിയതുമുതൽ ക്വാറന്‍റൈനിലായിരുന്നു. ഇതിനിടെ പെൺകുട്ടിയുടെ പിതാവ് പുറത്തിറങ്ങി നടക്കുന്നുവെന്ന പ്രചാരണം വാട്സാപ്പ് ഗ്രൂപ്പുകളിലുണ്ടായി. പെൺകുട്ടിയുടെ പിതാവിനെതിരെ വധഭീഷണിയുമുണ്ടായിരുന്നു. ഇതിനെതിരെ പെൺകുട്ടിയും കുടുംബവും മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തൊട്ടുപിന്നാലെയാണ് പെൺകുട്ടിയുടെ വീട് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ആറ് സിപിഎം അംഗങ്ങൾക്കെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ആറുപേരെയും പാർട്ടിയിൽനിന്ന് പുറത്താക്കിയതായി സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വം അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രതിദിന വാർത്തസമ്മേളനത്തിനിടെ രൂക്ഷമായ പ്രതികരണവും ഉണ്ടായിരുന്നു. പാർട്ടി നോക്കാതെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ പ്രതികൾക്കെതിരെ ദുർബലമായ വകുപ്പുകളാണ് ചുമത്തിയതെന്ന് ആരോപിച്ച് പെൺകുട്ടി രംഗത്തെത്തുകയായിരുന്നു. അതിനിടെയാണ് ക്വാറന്‍റൈൻ ലംഘിച്ചുവെന്ന കേസ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.