11 April, 2020 10:07:49 PM
പത്തനംതിട്ടയില്‍ കൂടുതല്‍ മുറികള്‍ കണ്ടെത്താന്‍ തഹസിദാര്‍മാര്‍ക്ക് നിര്‍ദേശം
പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദേശമുള്ള ത്രിതല സംവിധാനം ശക്തിപ്പെടുത്തുന്നതിന് ഈ മാസം 15നകം താലൂക്ക് അടിസ്ഥാനത്തില്‍ കൂടുതല്‍ മുറികള്‍ കണ്ടെത്താന്‍ തഹസിദാര്‍മാര്‍ക്ക് ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍ദേശം നല്‍കി. കളക്ടറേറ്റില്‍ ചേര്‍ന്ന തഹസിദാര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയത്.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോവിഡ് ഹോസ്പിറ്റല്‍, കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍, കോവിഡ് കെയര്‍ സെന്റര്‍ എന്നിവ സജീകരിക്കുന്നതിനാണ് മുറികള്‍ കണ്ടെത്തേണ്ടത്. വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്നവരേയും മറ്റു സംസ്ഥാനങ്ങളില്‍ നിന്നു് വരുന്നവരേയും പ്രത്യേകം നിരീക്ഷിക്കുന്നതിനാണു കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററും കോവിഡ് കെയര്‍ സെന്ററും സജ്ജമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിലവില്‍ ശുചിമുറികളോട് ചേര്‍ന്ന 2,500 മുറികളും അല്ലാതെയുള്ള 5,600 മുറികളും താലൂക്ക് തലത്തില്‍ തഹസിദാര്‍മാര്‍ കണ്ടെത്തി വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.
കോവിഡ് കെയര്‍ സെന്ററിനായി താലൂക്ക് അടിസ്ഥാനത്തില്‍ 1000 മുറികള്‍ വരെ തയ്യാറാക്കണം. ഈ മുറികളുടെ പ്രാഥമിക പരിശോധനയും വിവരശേഖരണവും പൂര്‍ത്തിയാക്കി. വിവരങ്ങളുടെ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നു. തഹസിദാര്‍മാര്‍ നല്‍കിയ മുറികളുടെ പട്ടികയില്‍ നിന്നും കോവിഡ് കെയര്‍ സെന്റര്‍, ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍, കോവിഡ് ഹോസ്പിറ്റല്‍ എന്നിങ്ങനെ ഓരോ കെട്ടിടവും പരിശോധിച്ച് തരംതിരിക്കും.
സബ് കളക്ടര്‍ ഡോ.വിനയ്‌ഗോയല്‍, അടൂര്‍ ആര്‍.ഡി.ഒ: പി.ടി എബ്രഹാം,റാന്നി തഹസില്‍ദാര്‍ സാജന്‍ വി.കുര്യാക്കോസ്, മല്ലപ്പള്ളി തഹസില്‍ദാര്‍ മധുസൂദനന്‍ നായര്‍, തിരുവല്ല തഹസില്‍ദാര്‍ ജോണ്‍ വര്‍ഗീസ്, കോഴഞ്ചേരി തഹസില്‍ദാര്‍ ഓമനക്കുട്ടന്‍, അടൂര്‍ തഹസില്‍ദാര്‍ നവീന്‍ബാബു, കോന്നി തഹസില്‍ദാര്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.