11 April, 2020 10:49:41 AM
പത്തനംതിട്ടയിൽ ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ച നിലയില്‍: സ്രവം പരിശോധനക്കയച്ചു
പത്തനംതിട്ട : പത്തനംതിട്ടയില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. പന്തളത്ത് ഒഡീഷ സ്വദേശി സുലൈമാന്‍ ഹുയാന്‍ (30), വെണ്ണിക്കുളത്ത് ബംഗാള്‍ സ്വദേശി ബല്‍ബീര്‍ മാങ്കര്‍ (കമല്‍-36) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒഡീഷ സ്വദേശി സുലൈമാന്‍ ഹുയാനെ ഇന്നലെ രാവിലെ 9ന് ആണ് താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പറന്തല്‍ ജോത്സ്ന ടൈല്‍സ് കടയിലെ ജീവനക്കാരനായിരുന്നു. ആറു മാസം മുന്‍പാണ് ഇയാള്‍ ഇവിടെ ജോലിക്ക് എത്തിയത്. കടയോട് ചേര്‍ന്നുള്ള ഷെഡിലായിരുന്നു ഭാര്യയോടൊപ്പം ഇയാള്‍ താമസിക്കുന്നത്.
വെണ്ണിക്കുളം ഗവണ്‍മെന്റ് പോളിടെക്നിക് കോളജിനു സമീപം താമസിക്കുന്ന ജല്‍പായ്ഗുരി സ്വദേശി ബല്‍ബീര്‍ മാങ്കറിനെ ഇന്നലെ രാവിലെ 7 ന് ആണ് മരിച്ച നിലയില്‍ കണ്ടത് . ബല്‍ബീല്‍ എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് ഒപ്പം താമസിക്കുന്നവര്‍ വിളിച്ചെങ്കിലും മരിച്ച നിലയിലായിരുന്നു . ഹൃദയസ്തംഭനമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം . എന്നാല്‍, കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സ്രവം പരിശോധനയ്ക്കായി നല്‍കിയിട്ടുണ്ട്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.