09 April, 2020 11:49:35 AM
പത്തനംതിട്ടയില്‍ കൊറോണ രോഗിയുടെ വളര്‍ത്തു നായയും നിരീക്ഷണത്തില്‍
പത്തനംതിട്ട: കൊറോണ വൈറസ് രോഗിയുടെ വളര്‍ത്തു നായയും നിരീക്ഷണത്തില്‍. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കോഴഞ്ചേരി അയിരൂര്‍ സ്വദേശിയുടെ നായയെയാണ് ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയത്. ദുബായില്‍ നിന്ന് മാര്‍ച്ച് 22 ന് എത്തിയ കോഴഞ്ചേരി സ്വദേശിക്ക് പ്രകടമായ രോഗ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇയാളുടെ സ്രവപരിശോധനാ ഫലം കഴിഞ്ഞ ദിവസം എത്തിയതോടെയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
രോഗബാധിതനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സമയത്ത് ഇയാള്‍ നായയുമായി അടുത്തിടപഴകിയിരുന്നു. നോവെല്‍ കൊറോണ വൈറസ് മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് വ്യാപിക്കില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. അമേരിക്കയില്‍ കടുവകള്‍ക്കും മറ്റും രോഗം സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യവകുപ്പ് വളര്‍ത്തു നായയെയും നിരീക്ഷണത്തിലാക്കിയത്. പൂച്ചകള്‍ ഉള്‍പ്പെടെ വളര്‍ത്തുമൃഗങ്ങളിലേക്ക് രോഗവ്യാപനം ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.