08 April, 2020 10:32:53 PM
നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ വീടിനുനേരെ ആക്രമണം: 3 സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കോന്നി: വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ഥിനിയുടെ വീടിനുനേരെ നടന്ന ആക്രമണത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തണ്ണിത്തോട് മേക്കണ്ണം മോഹനവിലാസത്തില്‍ രാജേഷ്, തണ്ണിത്തോട് അശോകവിലാസത്തില്‍ അജേഷ്, തണ്ണിത്തോട് പുത്തന്‍പുരയില്‍ അശോകന് എന്നിവരെയാണ് തണ്ണിത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ സനല്‍, നവീന്‍, ജിന്‍സ് എന്നിവര്‍ക്കെതിരെയും കേസെടുത്തു.
കഴിഞ്ഞ 19ന് കോയമ്പത്തൂരില്‍നിന്ന് എത്തിയ വിദ്യാര്‍ഥിനി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് കേബിള്‍ ഓപറേറ്റര്‍ ആയതിനാല്‍ മകള്‍ വന്നശേഷം ഓഫിസിലായിരുന്നു താമസം. പിതാവ് റോഡില്‍ ഇറങ്ങി നടക്കുന്നതിന്റെ പേരില്‍ തണ്ണിത്തോട് മാഗസിന് എന്ന വാട്സ് ആപ്പ് ഗ്രൂപ് വഴി കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണങ്ങള്‍ നടത്തിയതോടെ പെണ്‍കുട്ടി മുഖ്യമന്ത്രിക്കും സൈബര്‍ സെല്ലിനും പരാതി നല്കിരുന്നു.
ഇതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ആക്രമണം. ചൊവ്വാഴ്ച രാത്രി വീടിനു നേരേ കല്ലെറിയുകയും അടുക്കള ഭാഗത്തെ കതക് ചവിട്ടിപ്പൊളിക്കുകയുമായിരുന്നു. നിസ്സാര വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തതെന്ന് ആരോപണം ഉണ്ട്. സ്റ്റേഷന് ജാമ്യത്തില്‍ വിട്ട അശോകന് നിലവില്‍ ജാമ്യമില്ല കേസിലെ പ്രതിയാണ്.