08 April, 2020 08:12:47 PM
'അമ്മ വീട്ടില്‍ ഒറ്റയ്ക്കാണ്...': മകള്‍ വിളിച്ചു; മരുന്നുകളുമായി എത്തിയത് ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍
പത്തനംതിട്ട: ''രാത്രി എട്ടു മണിയോടെയാണ് ഫോണ്‍കോള്‍ വന്നത്. അമ്മ നാട്ടിലെ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. അമ്മ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ ഒരു ദിവസത്തേക്കു കൂടിയെ ഉള്ളൂ. എങ്ങനെയെങ്കിലും തുമ്പണ്ണിലുള്ള വീട്ടില്‍ മരുന്നുകള്‍ എത്തിച്ചു നല്‍കണം...'' ജില്ലാ ഡ്രഗ്സ് ഇന്‍സ്പെക്ടറുടെ ഹെല്‍പ്പലൈന്‍ നമ്പറിലേക്കുവന്ന വിളികളിലൊന്നാണിത്. തുമ്പമണ്ണില്‍ ഒറ്റയ്ക്കു താമസിക്കുന്ന അമ്മയ്ക്ക് മരുന്ന് എത്തിച്ചുനല്‍കാമോയെന്ന് അഭ്യര്‍ഥിച്ചുകൊണ്ടുള്ള മകളുടെ വിളിയായിരുന്നു അത്. അസുഖത്തിന്റെയും മരുന്നുകളുടെയും വിവരങ്ങള്‍ കൃത്യമായി ശേഖരിച്ചു. പിറ്റേന്ന് രാവിലെ മരുന്നുകള്‍ ആ അമ്മയുടെ പക്കല്‍ എത്തിച്ചുകൊടുത്തു.
ഇതുപോലെ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുളള രോഗികള്‍ക്കാണു ജില്ലാ ഡ്രഗ്സ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ എത്തിക്കുന്നത്. ആസ്മ രോഗികള്‍ക്കുള്ള ഇന്‍ഹേലര്‍, വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയരായ രോഗികള്‍ തുടങ്ങി നിരവധി പേരാണു മരുന്നുകള്‍ ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ച് ജില്ലാ ഡ്രഗ്സ് ഇന്‍സ്പെക്ടറുടെ ഹെല്‍പ്പലൈന്‍ നമ്പറിലേക്കു വിളിക്കുന്നത്. ആവശ്യമറിയിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മരുന്നുകള്‍ അവരിലേക്കെത്തിക്കുകയാണ് ജില്ലാ ഡ്രഗ്സ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം.
ആവശ്യക്കാര്‍ ബുദ്ധിമുട്ടനുഭവിക്കാന്‍ പാടില്ലെന്നും ജില്ലയില്‍ വിവിധ ഇടങ്ങളില്‍ മരുന്നുവ്യാപാരികളുടെ സഹകരണത്തോടെയാണു മരുന്നുകള്‍ ലഭ്യമാക്കുന്നതെന്നുമാണ് ഇതേക്കുറിച്ച് ജില്ലാ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ ആര്‍.രാജീവ് പറയുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പത്തനംതിട്ട ജില്ലയില്‍ മരുന്നുകള്‍ ലഭിക്കുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ക്കോ മരുന്നുകളെപ്പറ്റി എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കിലോ 0468-2270236 എന്ന ഹെല്‍പ്പലൈന്‍ നമ്പറില്‍ വിളിച്ച് ആവശ്യങ്ങള്‍ അറിയിക്കാമെന്ന് ജില്ലാ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.