06 April, 2020 12:49:47 AM
അടൂരില്‍ പിക്കപ്പ് വാനില്‍ കൊണ്ടുനടന്ന് വിറ്റ 1375 കിലോ അഴുകിയ മത്സ്യം പിടിച്ചെടുത്തു
അടൂര്‍: ഏനാത്ത് മണ്ണടി ചന്തക്കു സമീപം പിക്കപ്പ് വാനില്‍ കൊണ്ടുനടന്ന് വിറ്റ അഴുകിയ മത്സ്യം ആരോഗ്യവകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു നശിപ്പിച്ചു. അഴുകിയ മത്സ്യം വില്‍ക്കുന്നതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പോലീസിന്റെ തന്ത്രപരമായ നീക്കമാണ് ഉപയോഗശൂന്യമായ മത്സ്യം പിടിച്ചെടുക്കാന്‍ സഹായിച്ചത്. വാഹന ഉടമയുടെയും മത്സ്യ വ്യാപാരിയുടെയും പേരില്‍ തുടര്‍നടപടികള്‍ കൈക്കൊള്ളാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പഞ്ചായത്തിനെ ചുമതലപ്പെടുത്തി.
പാകിസ്ഥാന്‍ മുക്ക് പള്ളി വടക്കേതില്‍ ഷാജിയുടെ ഉടമസ്ഥതയിലുള്ളതാണ് പിക്കപ്പ്. പാകിസ്ഥാന്‍ മുക്ക് ഷൈന്‍ മനസിലില്‍ ബദറുദ്ദീന്റെതായിരുന്നു 1375 കിലോഗ്രാം വരുന്ന കേരച്ചൂര ഇനത്തില്‍പ്പെട്ട മീന്‍. അഴുകി ചീഞ്ഞ നിലയിലായിരുന്ന മീന്‍ ഭക്ഷ്യസുരക്ഷാ ഓഫീസറും ആരോഗ്യവകുപ്പ് അധികൃതരും പിടിച്ചെടുത്തു നശിപ്പിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെയുള്ള ജനപ്രതിനിധികളുടെയും വില്ലേജ് ഓഫീസറുടെയും സാന്നിധ്യത്തിലായിരുന്നു നടപടി സ്വീകരിച്ചത്. പഞ്ചായത്ത് അധികൃതര്‍ക്ക് വിട്ടുകൊടുത്ത വാഹനം ഏനാത്ത് പോലീസ് ബന്തവസില്‍ എടുത്തു.