04 April, 2020 08:09:35 PM
ലോക്ഡൗണ്‍: പത്തനംതിട്ടയില്‍ രണ്ടു ദിവസങ്ങളിലായി 610 കേസുകള്‍; 620 അറസ്റ്റ്
പത്തനംതിട്ട: ജില്ലയില്‍ ലോക്ഡൗണ്‍ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് രണ്ടു ദിവസങ്ങളിലായി 610 കേസുകളില്‍ 620 പേരെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച 371 ഉം ശനിയാഴ്ച 239 ഉം കേസുകളാണ് എടുത്തത്. 512 വാഹനങ്ങള്‍ പിടിച്ചെടുത്തു. തിരുവല്ല പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ആയ ഒരു അബ്കാരി കേസ് ഉള്‍പ്പടെയാണിത്. നാല് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം സൂക്ഷിച്ചതിന് രണ്ടു പ്രതികളെ അറസ്റ്റ്ചെയ്തു.
ഓതറ വാടിക്കുളത്ത് നിന്നാണ് ഒരു കാറും ഒരു ബൈക്കും ഉള്‍പ്പടെ പ്രതികളെ പിടികൂടിയത്. പകര്‍ച്ചവ്യാധി നിയമത്തിലെ വകുപ്പുകള്‍ കൂടിച്ചേര്‍ത്താണ് കേസ് എടുത്തതെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ പുത്തന്‍കാവ് കൊച്ചുപ്ലാമോടിയില്‍ ഗോപു (21), കിഴക്കനോതറ വേട്ടക്കുന്നേല്‍ വീട്ടില്‍ സുനില്‍ (37) എന്നിവരാണ് അറസ്റ്റിലായത്. നിയമലംഘനങ്ങള്‍ തടയുന്നതിന് തുടര്‍ന്നും ജില്ലയില്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങി വാഹനങ്ങളുമായും അല്ലാതെയും കറങ്ങിനടക്കുന്നവര്‍ക്കും കൂട്ടുകൂടുന്നവര്‍ക്കും വ്യാപാരസ്ഥാപനങ്ങളിലെ നിയമലംഘനങ്ങള്‍ക്കുമെതിരെ കര്‍ശനമായ നിയമനടപടികള്‍ തുടര്‍ന്നും കൈക്കൊള്ളും. അനാവശ്യമായി തെരുവില്‍ ഇറങ്ങുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണനിയമപ്രകാരം കേസ് എടുക്കും. രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.
ട്രഷറികളിലും ബാങ്കുകളിലും പെന്‍ഷന്‍ വാങ്ങാനെത്തുന്നവരുടെ തിരക്കൊഴിവാക്കാന്‍ നിയന്ത്രണം തുടരും. എടിഎം കൗണ്ടറുകളില്‍ സുരക്ഷ ശക്തിപ്പെടുത്തുംവിധം പോലീസിനെ വിന്യസിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ ജനമൈത്രി പോലീസ് സന്ദര്‍ശനം നടത്തിവരുന്നു. ഇടറോഡുകളിലും ഗ്രാമപ്രദേശങ്ങളിലും കൂടുതല്‍ പേര്‍ നിരത്തിലിറങ്ങുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതും നിയന്ത്രിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ജനമൈത്രി പോലീസിന്റെ സേവനം പ്രയോജനപ്പെടുത്തി അതിഥി തൊഴിലാളികളുടെയും മറ്റും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തിയിട്ടുണ്ട്. പോലീസ് ട്രയിനികളേയും മറ്റും ഉപയോഗിച്ച് വാഹനങ്ങളുടെ പരിശോധന ഉള്‍പ്പെടെ ഡ്യൂട്ടികള്‍ കാര്യക്ഷമമാക്കി തുടരുന്നു. ആരോഗ്യവകുപ്പ് ജീവനക്കാരുടേയും മറ്റും സഹകരണത്തോടെ കോവിഡ്-19 നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നുണ്ടെന്നും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരായ നിയമനടപടികള്‍ ശക്തമായി തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.