01 April, 2020 08:44:35 AM
നിസാമുദ്ദീന്‍ മതസമ്മേളനത്തിൽ പങ്കെടുത്ത പത്തനംതിട്ട സ്വദേശി ദില്ലിയില്‍ മരിച്ചു
ദില്ലി: നിസാമുദ്ദീനിൽ മതസമ്മേളനത്തിൽ പങ്കെടുത്ത പത്തനംതിട്ട സ്വദേശിയായ ഡോ. എം.സലിം മരിച്ചു. പത്തനംതിട്ട അമീർ ആയ സലിം കഴിഞ്ഞ ചൊവ്വാഴ്ച ദില്ലിയിലാണ് മരിച്ചത്. ഇദ്ദേഹത്തിന് ഹൃദ്രോഗവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. എന്നാൽ കോവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല. പരിപാടിയിൽ പങ്കെടുത്ത രണ്ടു പത്തനംതിട്ടക്കാർ ഡൽഹിയിൽ നിരീക്ഷണത്തിലുണ്ട്. മടങ്ങിയെത്തിയ ആറു പേർക്ക് രോഗലക്ഷണങ്ങളില്ലെന്ന് അധികൃതർ പറഞ്ഞു.
പത്തനംതിട്ട മേലെവെട്ടിപ്പുറം സ്വദേശിയാണു സലിം (74). മൃതദേഹം നിസാമുദിനിൽ കബറടക്കി. പത്തനംതിട്ട കാതോലിക്കറ്റ് കോളജിൽ കെമിസ്ട്രി പ്രൊഫസറായി വിരമിച്ച ഇദ്ദേഹം നേരത്തെ ബൈപാസ് സർജറിക്കും വിധേയനായിരുന്നു. ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായ രണ്ടുപേർക്കൊപ്പമാണ് ദില്ലിയിൽ പോയത്. ഇവർ ദില്ലിയിൽ നിസാമുദീനിൽ ബംഗ്ലാവാലി മസ്ജിദിൽ താമസിക്കുകയാണ്. ഇവർ അവിടെ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
നിസാമുദ്ദീൻ ദർഗയ്ക്കു സമീപത്തെ മസ്ജിദിൽ ഈ മാസം 18ന് ആയിരുന്നു തബ്‌ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനം. ഇതിൽ പങ്കെടുത്ത ഇരുന്നൂറോളം പേരെ കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടായിരത്തോളം പേർ ഹോം ക്വാറന്റീനിലാണ്. ആയിരങ്ങൾ തിങ്ങി ഞെരുങ്ങി താമസിക്കുന്ന നിസാമുദ്ദീൻ മേഖലയിൽ രോഗം കണ്ടത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും സൗദി അറേബ്യ, മലേഷ്യ, ഇന്തൊനീഷ്യ, തായ്‌ലൻഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിൽനിന്നും പ്രതിനിധികൾ സമ്മേളനത്തിനെത്തിയിരുന്നു. ഇവിടെനിന്നു മടങ്ങിയ 2 പേർ കോവിഡ് ബാധിച്ചു മരിക്കുകയും വിദേശികൾ ഉൾപ്പെടെ ഇരുപതിലേറെ പേർക്കു രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.