12 March, 2020 02:47:16 PM


ലായനിയായി കുത്തും, ഗുളികയായി നിലകൊള്ളും: മായം കലര്‍ന്ന ഓറഞ്ച് പിടിച്ചെടുത്തു



പത്തനംതിട്ട: ഓറഞ്ച് കേടാകാതിരിക്കാന്‍ വന്‍തോതില്‍ രാസവസ്തുക്കള്‍ കുത്തിവെയ്ക്കുന്നതായി കണ്ടെത്തല്‍. പത്തനംതിട്ടയില്‍ ഓമല്ലൂര്‍ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയില്‍ വഴിയോര കച്ചവടക്കാരിൽ നിന്നു ഇത്തരം മായം കലർന്ന ഓറഞ്ച് പിടിച്ചെടുത്തു. ഓമല്ലൂർ – കൈപ്പട്ടൂർ റോഡിൽ കച്ചവടം നടത്തിയവരിൽ നിന്നാണ് മായം കലർന്ന ഓറഞ്ച് പിടിച്ചെടുത്തത്.


ഈ മേഖലയില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഓറഞ്ച് വാങ്ങി കഴിച്ചവർക്കു ഛർദ്ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെത്തുടർന്നായിരുന്നു പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിലുള്ള പരിശോധന. പിടികൂടിയ ഓറഞ്ചിനുള്ളിൽ ഗുളിക രൂപത്തിലുള്ള രാസവസ്തു കണ്ടെത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുണ്ടായത്.  ഓറഞ്ച് കേടുകൂടാതെ വളരെക്കാലം ഇരിക്കുന്നതിനായി ഈ രാസവസ്തു ദ്രവരൂപത്തിൽ സിറിഞ്ചുപയോഗിച്ച് കുത്തിവയ്ക്കുന്നതാണെന്നും ഇത് പിന്നീട് കട്ടിയാകുന്നതാണെന്നും അധികൃതർ പറഞ്ഞു.


ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും അവർ ആദ്യം എത്താൻ വിസമ്മതിച്ചെന്നും പിന്നീട് എത്തിയെങ്കിലും രാസപരിശോധനയ്ക്കായി സാംപിൾ ശേഖരിക്കാൻ തയാറായില്ലെന്നും പരാതിയുണ്ട്. റോഡരികില്‍ തട്ടുകടകൾ ഉണ്ടാക്കി വന്‍തോതില്‍ ഇത്തരം മായം കലര്‍ന്ന പച്ചക്കറികളും പഴങ്ങളും ശീതളപാനീയങ്ങളും വില്‍പ്പന നടത്തുന്നുണ്ടെന്നാണ് അധികൃതര്‍ പറഞ്ഞത്. പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ലക്ഷ്മി മനോജ്, വാർഡ് അംഗം അഭിലാഷ് ഹാപ്പി, ബി.സുനിത, അഞ്ജു എസ്. പണിക്കർ, ധന്യ ഗോപിനാഥ്, രവീന്ദ്രവർമ അംബാനിലയം എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K