11 March, 2020 01:55:03 PM


നിരീക്ഷണത്തില്‍ ഇരിക്കെ പഞ്ചായത്ത് പ്രതിനിധി കളക്ട്രേറ്റില്‍; ഓടിച്ചുവിട്ട് കളക്ടര്‍



പത്തനംതിട്ട: കോവിഡ് 19 വൈറസ് ബാധയ്‌ക്കെതിരേ സംസ്ഥാനവും ജനങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും ഒത്തുചേര്‍ന്നുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയില്‍ നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ സഹകരിക്കാത്തത് പ്രശ്‌നമാകുന്നു. കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഇരിക്കുമ്പോള്‍ ഇന്ന് പത്തനംതിട്ട ജില്ലാ കളക്ടറുടെ ചേംബറില്‍ എത്തുകയും കളക്ടര്‍ ഓടിച്ചുവിടുകയും ചെയ്തയാള്‍ ജനപ്രതിനിധി. വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന റാന്നി അങ്ങാടി പഞ്ചായത്ത് പ്രതിനിധിയെയാണ് കളക്ടര്‍ ശാസിച്ച് തിരിച്ചയച്ചത്. സെക്കണ്ടറി കോണ്ടാക്ടില്‍ പെട്ടയാളാണ് ഇയാള്‍.


നിരീക്ഷണത്തില്‍ ഇരിക്കെ പരാതി പറയാന്‍ എത്തിയ ഇയാള്‍ പത്തനംതിട്ട കളക്ടറുടെ ചേംബറിന് അടുത്ത് എത്തി. എന്നാല്‍ പട്ടികയില്‍ പെട്ടയാളാണെന്ന് തിരിച്ചറിഞ്ഞ കളട്കര്‍ ശാസിച്ച് പറഞ്ഞയയ്ക്കുകയായിരുന്നു. നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ പോലീസിനെ വിളിക്കേണ്ടി വരുമെന്നും പറഞ്ഞു. അതേസമയം വീട്ടിനുള്ളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഭക്ഷണവും വെള്ളവും പോലും കിട്ടാത്ത അവസ്ഥയിലാണെന്ന് പരാതിയുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ 900 പേര്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള പത്തനംതിട്ടയില്‍ 40 ശതമാനവും ആരോഗ്യവകുപ്പുമായി സഹകരിക്കുന്നില്ല എന്നാണ് ഡിഎംഒ യുടെ പരാതി. ഇനിയുള്ള ഒരാഴ്ച നിര്‍ണ്ണായകമാണെന്നും കര്‍ശന നിരീക്ഷണം നടപ്പാക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നുമാണ് ഡിഎംഒ പറയുന്നത്.


പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച സ്ഥലങ്ങളും സമയവും അടക്കമുള്ള വിശദമായ സഞ്ചാര വിവരങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടിരുന്നു. രോഗികള്‍ സന്ദര്‍ശിച്ച സമയത്ത് അവിടെ ഉണ്ടായിരുന്നവര്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. റാന്നി സ്വദേശികള്‍ സഞ്ചരിച്ച സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നാണ് നിര്‍ദേശം. പത്തനംതിട്ടയിലെ ഏഴ് പേര്‍ ഫെബ്രുവരി 29 മുതല്‍ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച് ആറ് വരെയുള്ള ദിവസങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള സ്ഥലങ്ങള്‍ ചെലവഴിച്ച സമയം എന്നിവയാണ് സഞ്ചാരപാതയില്‍.


പത്തനംതിട്ടയില്‍ കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പത്തനംതിട്ട സ്വദേശികളായവരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ഇന്‍ഫോ പാര്‍ക്കിലെ വിവിധ കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിംഗും പൂര്‍ണ്ണമായും നിര്‍ത്തി. കോട്ടയത്തെയൂം പത്തനംതിട്ടയിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഉത്സവങ്ങളുടെ കാലമായതിനാല്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K