11 March, 2020 01:35:14 AM


റാന്നിയിലെ ഇറ്റലിക്കാരടക്കമുള്ള ഏഴു രോഗബാധിതർ 6 ദിവസം യാത്ര ചെയ്ത വഴികള്‍




പത്തനംതിട്ട: ഇറ്റലിയിൽ നിന്നും കോവിഡ് 19 രോഗബാധിതരായി കൊച്ചിയിൽ വിമാനം ഇറങ്ങിയ പത്തനംതിട്ട റാന്നിയിലെ മൂന്നംഗ കുടുംബം സഞ്ചരിച്ചതിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ട് ജില്ലാ ഭരണകൂടം. ഇറ്റലിയിൽ നിന്ന് എത്തിയ ഈ മൂന്നംഗ കുടുംബം ഉൾപ്പെടെ രോഗം സ്ഥിരീകരിച്ച  11 പേരും ഇവരുടെ ബന്ധുക്കളാണ്. ഈ സാഹചര്യത്തിലാണ് ഇവർ സഞ്ചരിച്ച വഴി ജില്ലാ ഭരണകൂടം കണ്ടെത്തിയത്.


ഫെബ്രുവരി 29നാണ് മൂന്നംഗ കുടുംബം ഇറ്റലിയിൽ നിന്നും കൊച്ചി വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന്  ടാക്സിയിൽ റാന്നിയിലേക്ക് പോവുകയായിരുന്നു. അന്ന് മുതൽ ഈ മാസം 6 വരെ വിവിധ ആളുകളുമായി ഇടപഴകുകയും ചെയ്തു. അതിനു ശേഷമാണ് ജില്ലാ കളക്ടർ ഇടപെട്ട് ഇവരെ ഐസൊലേറ്റ് ചെയ്തത്.


രണ്ടു ക്ലസ്റ്ററുകളായാണ് റൂട്ട് മാപ്പ് തയാറാക്കിയിരിക്കുന്നത്. ക്ലസ്റ്റർ ഒന്നിൽ ഉള്‍പ്പെട്ടത് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആദ്യ അഞ്ചുപേര്‍ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളും.




ഫെബ്രുവരി 29-  രാവിലെ 10.30 മുതൽ 11:30 വരെ കൂത്താട്ടുകളം-മൂവാറ്റുപുഴ റോഡിലെ ഹോട്ടൽ ആര്യാസ്.

മാർച്ച് 1- രാത്രി 9.30 മുതൽ രാത്രി 11 വരെ റാന്നി സുരേഷ് ഹോട്ടൽ,

മാർച്ച് 2- രാവിലെ 11 മുതൽ 11:30 വരെ പഴവങ്ങാടി പോസ്റ്റ് ഓഫീസ്, രാവിലെ 11.30 മുതൽ 12 വരെ പഴവങ്ങാടി ക്നാനായ പള്ളി, ഉച്ചയ്ക്ക് 12  മുതൽ ഒന്നു വരെ പഴവങ്ങാടി പോസ്റ്റ് ഓഫീസ്, 1.15  മുതൽ രണ്ടു മണി വരെ റാന്നി ഗോൾഡൻ എംപോറിയം ഹൈപ്പർ മാർക്കറ്റ്, രണ്ടരയ്ക്ക് റാന്നി മിനി സൂപ്പർ മാർക്കറ്റ്, വൈകിട്ട് ആറിന് പുനലൂർ ഇംപീരിയൽ ബേക്കറി, വൈകിട്ട് ഏഴിന് പുനലൂർ മാഞ്ഞാറിലെ ബന്ധുവീട്.

മാർച്ച് 3- ഉച്ചയ്ക്ക് 12 ന് റാന്നി തോട്ടമൺ എസ്.ബി.ഐ, മാർച്ച് 4- രാവിലെ 10.00 മുതൽ 10:30 വരെ തോട്ടമൺ എസ്.ബി.ഐ, രാവിലെ 10.30 മുതൽ 11:30 വരെ റാന്നി സുപ്രീം ട്രാവൽസ്,

മാർച്ച് 5- 11.45 മുതൽ 12:15 വരെ പത്തനംതിട്ട യുഎഇ എക്സ്ചേഞ്ച്, 12.15 മുതൽ 12.45 വരെ പത്തനംതിട്ട എസ്.പി ഓഫീസ്, 12.45 മുതൽ 1.15 വരെ പത്തനംതിട്ട റോയൽ സ്റ്റുഡിയോ, ഉച്ചയ്ക്ക് 1.15 മുതൽ രണ്ടു വരെ ജോസ്കോ ജൂവലറി, മൂന്ന് മണിക്ക് റാന്നി ഗേറ്റ് ഹോട്ടൽ,

മാർച്ച് 6 -  ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



ക്ലസ്റ്റർ രണ്ട്:  കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളും. ഇവർ ഇറ്റലിയിൽ നിന്നെത്തിയവരുടെ ബന്ധുക്കളാണ്.

മാർച്ച് 4- രാവിലെ 6 മുതൽ എട്ടു വരെ റാന്നി ചിറകുളങ്ങര ബേക്കറി, രാത്രി 7 മുതൽ 8.30 റാന്നി മാർത്തോമ്മാ ആശുപത്രി,

മാർച്ച് 5- രാവിലെ 6.15 മുതൽ 10.15 വരെ റാന്നിയിൽ നിന്നും കോട്ടയത്തെത്താൻ തച്ചിലേടത്ത് ബസ് യാത്ര,

മാർച്ച് 6- 10.30 മുതൽ 11.30 വരെ കോട്ടയം കഞ്ഞിക്കുവിയിലെ പാലത്ര ടെക്സ്റ്റൈൽസ്, ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4 മണി വരെ കഞ്ഞിക്കുഴിയിൽ നിന്നും റാന്നിയിൽ എത്താൻ മഹനീയം ബസില്‍ യാത്ര.


ഈ തീയതികളിലും സമയങ്ങളിലും ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവര്‍ 9188297118, 9188294118 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K