26 February, 2020 03:50:38 PM


സമൂഹമാധ്യമങ്ങളില്‍ വർഗീയ വീഡിയോ പ്രചരിപ്പിച്ച യുവാവ് പാലക്കാട് അറസ്റ്റിൽ



പാലക്കാട്: പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ സമരം നടത്തുന്നവർക്കെതിരെ വർഗ്ഗീയ വിദ്വേഷം പരത്തി ഫേസ്ബുക്കിൽ വീഡിയോ ഇട്ട യുവാവ് അറസ്റ്റില്‍. അട്ടപ്പാടി കള്ളമല സ്വദേശി ശ്രീജിത്ത് രവീന്ദ്രനെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുൻപാണ് പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ ദില്ലിയിൽ  സമരം നടത്തുന്നവർക്കെതിരെ കടുത്ത വർഗീയ പരമാർശം നടത്തി അട്ടപ്പാടി കള്ളമല സ്വദേശി ശ്രീജിത് രവീന്ദ്രൻ ഫേസ്ബുക്ക് വീഡിയോ ഇട്ടത്.


വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വൻതോതിൽ പ്രതിഷേധം ഉയർന്നു. ഇയാൾക്കെതിരെ ഡിവൈഎഫ്ഐ അട്ടപ്പാടി മുക്കാലി മേഖലാ കമ്മറ്റി ഇന്നലെ പരാതി നൽകി. ഇതോടെ അഗളി പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. മതസ്പർധ വളർത്താൻ ശ്രമിച്ച കുറ്റത്തിനാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. കഴിഞ്ഞ കുറെ ദിവസങ്ങളിലായി ദില്ലി സമരത്തെ അധിക്ഷേപിച്ച് ശ്രീജിത്  ഫേസ്ബുക്കിൽ പോസ്റ്റുകളിട്ടിരുന്നു. 


'ഡൽഹിയിൽ മിനിമം 50 ജിഹാദികളെങ്കിലും കൊല്ലപ്പെട്ടുവെന്ന വാർത്തയ്ക്കായി കാത്തിരിയ്ക്കുന്നു', 'ട്രംപ് ഇന്ത്യ വിട്ടശേഷം കാണിച്ചുതരാം', 'അമിത് ഷാ നിരാശപ്പെടുത്തരുത്' എന്നൊക്കെയാണ് വിഎച്ച്പി പ്രവർത്തകനായ ശ്രീജിത്ത് വീഡിയോയില്‍ പറയുന്നത്. അട്ടപ്പാടിയിൽ നടക്കുന്ന ആര്‍ എസ് എസ് പരിപാടികളിൽ പങ്കെടുത്തതിന്‍റെ ഫോട്ടോകളും ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K