13 February, 2020 01:19:26 PM
പോലീസിന്‍റെ ആയുധങ്ങള്‍ നല്‍കിയത് തീവ്രവാദികള്‍ക്കോ? ശോഭ സുരേന്ദ്രന്‍റെ കത്ത് കേന്ദ്രത്തിന്
കൊച്ചി: കേരള പൊലീസിന്‍റെ വെടിയുണ്ടകളും തോക്കുകളും കാണാതായ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് നിജസ്ഥിതി അന്വേഷിക്കുകയും കേന്ദ്ര ഏജന്‍സി തലത്തിലുള്ള അന്വേഷണത്തിനു വേണ്ടി ഇടപെടുകയും ചെയ്യണം എന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചതായി ശോഭാ സുരേന്ദ്രന്‍. രാജ്യസുരക്ഷയുമായിക്കൂടി ബന്ധപ്പെട്ട വിഷയമായതിനാലാണ് കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെടുന്നതെന്ന് അവര്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
ശോഭാ സുരേന്ദ്രന്‍റെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ...
"കേരള പൊലീസിന്‍റെ വെടിയുണ്ടകളും തോക്കുകളും കാണാതായത് രാജ്യസുരക്ഷയുമായിക്കൂടി ബന്ധപ്പെട്ട വിഷയമായതിനാൽ സംസ്ഥാന സര്‍ക്കാരിനോട് നിജസ്ഥിതി അന്വേഷിക്കുകയും കേന്ദ്ര ഏജന്‍സി തലത്തിലുള്ള അന്വേഷണത്തിനു വേണ്ടി ഇടപെടുകയും ചെയ്യണം എന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ ജിക്ക് കത്തയച്ചു.
കേരള പൊലീസിന്റെ ആയുധ, വെടിക്കോപ്പ് ശേഖരത്തില്‍ നിന്ന് 25 റൈഫിളുകളും 12,061 വെടിയുണ്ടകളും കാണാനില്ല എന്ന ഗുരുതര വെളിപ്പെടുത്തല്‍ അടങ്ങുന്ന കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കത്ത്. 2020 ഫെബ്രുവരി 12നു കേരള നിയമസഭയുടെ മേശപ്പുറത്തു വച്ച സിഎജി റിപ്പോര്‍ട്ടില്‍ ഇതുള്‍പ്പെടെ പൊലീസുമായി ബന്ധപ്പെട്ട നിരവധി ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് ഉള്ളത്. വ്യാജ വെടിയുണ്ട വച്ച് സംഭവം മറയ്ക്കാനും കുറ്റക്കാരെ രക്ഷിക്കാനും ശ്രമം നടന്നു.
സംസ്ഥാന പൊലീസ് മേധാവി ശ്രീ. ലോക്‌നാഥ് ബെഹ്‌റ ഐപിഎസിന്റെ പേരെടുത്തു പറഞ്ഞ് ആരോപണം ഉന്നയിച്ച് അക്കൗണ്ടന്റ് ജനറല്‍ ശ്രീ. എസ്. സുനില്‍ രാജ് വാര്‍ത്താ സമ്മേളനം നടത്തുന്ന അസാധാരണ സാഹചര്യവും ഉണ്ടായിരിക്കുന്നു. എന്നാല്‍ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും സംസ്ഥാന ഗവണ്‍മെന്റും ഇതിനെ നിസ്സാരമായി കാണുന്ന വിധത്തിലാണ് പ്രതികരിച്ചിരിക്കുന്നത്. അടിയന്തര ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയോ തോക്കുകളും വെടിയുണ്ടകളും കാണാത്തതിന്റെ പ്രാഥമിക ഉത്തരവാദിത്തം കണ്ടെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കാനോ തയ്യാറായിട്ടില്ല.
ഈ സാഹചര്യത്തില്‍, രാജ്യസുരക്ഷയുമായിക്കൂടി ബന്ധപ്പെട്ട ഈ സുപ്രധാന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് നിജസ്ഥിതി അന്വേഷിക്കുകയും കേന്ദ്ര ഏജന്‍സി തലത്തിലുള്ള അന്വേഷണത്തിനു വേണ്ടി ഇടപെടുകയും ചെയ്യണം എന്നാണ് കത്തിൽ അഭ്യര്‍ത്ഥിക്കുന്നത്."