08 February, 2020 09:50:24 PM
കടക്കെണി: തോട്ടത്തിലെ കാവല്‍പുരയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
പത്തനംതിട്ട: കടക്കെണി മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തേക്കുതോട് മണിമരുതിക്കൂട്ടം കോടിയാട്ട് ശശിയെ (64) കൃഷിസ്ഥലത്തെ ഷെഡില്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. തേക്കുതോട് കോട്ടമുരുപ്പില്‍ ഭൂമി പാട്ടത്തിനെടുത്ത് വര്‍ഷങ്ങളായി ശശി വാഴ കൃഷി ചെയ്തു വരികയായിരുന്നു. കാവലിനായി രാത്രി ഷെഡിലാണ് കഴിഞ്ഞിരുന്നത്. ഇന്നലെ രാവിലെ സമീപമുള്ള പറമ്ബില്‍ പണികള്‍ക്കായെത്തിയ മകന്‍ അനില്‍ വെള്ളം എടുക്കാനായി എത്തുമ്ബോഴാണ് ഷെഡിന് ഉള്ളില്‍ പിതാവിനെ മരിച്ച നിലയില്‍ കണ്ടത്.
സമീപത്ത് വിഷം കലക്കിയ പാത്രവുമുണ്ടായിരുന്നു. വര്‍ഷങ്ങളായി സമീപ പ്രദേശങ്ങളില്‍ ഏക്കര്‍ കണക്കിന് ഭൂമി പാട്ടത്തിനെടുത്ത് ശശി വാഴ കൃഷി ചെയ്തു വരികയായിരുന്നു. വിപണിയില്‍ ഏത്തക്കുലയുടെ വിലത്തകര്‍ച്ചയും കൃഷിനാശവും കാരണം അടുത്തിടെയായി ശശി മനോവിഷമത്തിലായിരുന്നതായി മകന്‍ അനില്‍ പറയുന്നു. പ്രളയകാലത്ത് വാഴ കൃഷി നശിക്കുകയും പ്രളയത്തെത്തുടര്‍ന്നുള്ള കാലാവസ്ഥാ വ്യതിയാനം കാരണം വിളവ് കുറഞ്ഞതും കൃഷി നഷ്ടത്തിലായിരുന്നു. ഇതിനു പിന്നാലെയാണ് അടുത്തിടെയായി വിപണിയില്‍ ഏത്തക്കുലയുടെ വിലത്തകര്‍ച്ചയുണ്ടായത്. കടബാധ്യത നേരിടാനാകാതെ ആത്മഹത്യ ചെയ്തതാണെന്ന് ബന്ധുക്കള്‍ പറയുന്നു.