08 February, 2020 08:11:58 AM


സൂക്ഷിച്ചാല്‍ ദുഃഖിയ്ക്കേണ്ട : വാട്‌സ് ആപ്പില്‍ സന്ദേശങ്ങള്‍ പങ്കുവെയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പ്



കൊച്ചി: സൂക്ഷിച്ചാല്‍ ദു:ഖിയ്ക്കേണ്ട. വാട്സ് ആപ്പില്‍ സന്ദേശങ്ങള്‍ പങ്കുവെയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. വ്യാജസന്ദേശങ്ങളും മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയിലുള്ളതും, അക്രമങ്ങളെ പ്രേരിപ്പിക്കുന്ന രീതിയിലുള്ള സന്ദേശങ്ങളും കൂടുതലായി പ്രചരിക്കുന്നത് വാട്‌സ് ആപ്പ് വഴിയാണ്. ഇത് തെറ്റോ ശരിയോ എന്നറിയാതെ സന്ദേശങ്ങള്‍ ഷെയര്‍ ചെയ്തവര്‍ക്കായി ജയിലുകള്‍ കാത്തിരിക്കുന്നു.


എന്‍ഡ് – ടു – എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം വാട്സ്ആപ്പ് നടപ്പിലാക്കിയതോടെ സന്ദേശങ്ങള്‍ ട്രാക്ക് ചെയ്യുകയെന്നുള്ളത് പൊലീസിന് വലിയ തലവേദനയാണ്. എന്നിരുന്നാലും, ഈ എന്‍ക്രിപ്ഷന് സന്ദേശമയയ്ക്കുന്നയാളെ പൂര്‍ണമായും പരിരക്ഷിക്കാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാരണം വാട്സ്ആപ് എല്ലാം സന്ദേശങ്ങളും സൂക്ഷിച്ചുവയ്ക്കുന്നു എന്നതു തന്നെ. പൊലീസോ മറ്റ് അധികൃതരോ ചോദിച്ചാല്‍ നല്‍കുന്നതിനാണിത്.


മെസേജുകള്‍ എന്‍ക്രിപ്റ്റഡാണെങ്കിലും പൊലീസിന് നിങ്ങളുടെ പേര്, ഐപി അഡ്രസ്, മൊബൈല്‍ നമ്പര്‍, ലൊക്കേഷന്‍, മൊബൈല്‍ നെറ്റ് വര്‍ക്ക്, മൊബൈല്‍ ഫോണ്‍ ഏത് രീതിയിലുള്ളത് എന്നിവയടക്കമുള്ള വിവരങ്ങള്‍ ലഭിക്കും. ചില കാര്യങ്ങള്‍ വാട്സ്ആപ്പില്‍ ചെയ്താല്‍ അത് നിങ്ങള്‍ ജയിലില്‍ പോകുന്നതിന് പോലും കാരണമാകും. അത്തരം പ്രധാനപ്പെട്ട പത്ത് കാര്യങ്ങളിലേക്കൊരു എത്തിനോട്ടമാകാം.


1. ഏതെങ്കിലും വാട്സ്ആപ്പ് ഗ്രൂപ്പ് അംഗം നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയാല്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനുകളെ ട്രാക്കുചെയ്യാനും ജയിലിലടയ്ക്കാനും കഴിയും

2. വാട്സ്ആപ്പില്‍ അശ്ലീല ദൃശ്യങ്ങള്‍, പ്രത്യേകിച്ച് കുട്ടികളുടെ അശ്ലീലത, ചിത്രങ്ങള്‍ എന്നിവ പങ്കിട്ടാല്‍ നിങ്ങളെ അറസ്റ്റ് ചെയ്യും.


3. മോര്‍ഫ് ചെയ്ത് ചിത്രങ്ങള്‍ പ്രചരിപ്പിച്ചാല്‍ അറസ്റ്റ് ചെയ്യാനാകും.


4. വാട്സ്ആപ്പിലൂടെ ഭീഷണിപ്പെടുത്തുന്നതായി സ്ത്രീകള്‍ പരാതി നല്‍കിയാല്‍ നിങ്ങള്‍ക്കെതിരെ കേസ് എടുക്കാനാകും.


5. മറ്റൊരാളുടെ പേരിലോ, വ്യാജ വിവരങ്ങള്‍ നല്‍കി നേടിയ ഫോണ്‍ നമ്ബരിലോ വാട്സ്ആപ്പ് അക്കൗണ്ട് ആരംഭിച്ചാല്‍ കേസ് എടുക്കാനാകും.


6. ഏതെങ്കിലും മതത്തിനെതിരെയോ ആരാധനാലയത്തിനെതിരെയോ വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ നിങ്ങളെ അറസ്റ്റ് ചെയ്യാനാകും.


7. അക്രമത്തിന് പ്രേരിപ്പിക്കുന്ന തരത്തില്‍ വ്യാജ വാര്‍ത്തകളോ ചിത്രങ്ങളോ പ്രചരിപ്പിച്ചാല്‍ കേസ് എടുക്കാവുന്നതാണ്.


8. മയക്കുമരുന്നോ മറ്റ് നിരോധിത വസ്തുക്കളോ വില്‍ക്കാന്‍ വാട്‌സ്ആപ്പ് ഉപയോഗിക്കരുത്.


9. നിയമവിരുദ്ധമായി ആളുകളുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് വാട്‌സ്ആപ്പില്‍ പങ്കുവച്ചാല്‍ നിങ്ങളെ അറസ്റ്റ് ചെയ്യാന്‍ കഴിയും


10. അശ്ലീല ക്ലിപ്പുകള്‍, ഒളി ക്യാമറ ദൃശ്യങ്ങള്‍ പങ്കുവച്ചാല്‍ നിങ്ങള്‍ക്കെതിരെ കേസ് എടുക്കാനാകും



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K