30 December, 2015 01:33:03 PM
ഭാര്യയെ കുത്തി പരിക്കേല്‍പിച്ച യുവാവ് വിഷം കഴിച്ച് മരിച്ച നിലയില്‍
ചേര്‍ത്തല: ഭാര്യയെ കുത്തി പരിക്കേല്‍പിച്ച യുവാവിനെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല ശാവശേരി ക്ഷേത്രത്തിന് സമീപം വാടകയ്ക്കു താമസിക്കുന്ന പോക്കിനേഴത്ത് ഗോപാലകൃഷ്ണന്‍റെ മകന്‍ വിനോദിനെ(38)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ ഭാര്യ സജിതയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വഴക്കുണ്ടായതിനെ തുടര്‍ന്ന് പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൂട്ടിക്കൊണ്ടുവരാന്‍ വിനോദ് ഭാര്യവീട്ടിലെത്തുകയും എന്നാല്‍ ഇവര്‍ തമ്മില്‍ വീണ്ടും വഴക്കുണ്ടാകുകയും സജിതയെ കുത്തുകയുമായിരുന്നു. ഇതിനുശേഷം വിനോദ് സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. രാത്രി 12 ഓടെ വിനോദിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.