30 January, 2020 10:29:12 PM
റെഡ്, വൈറ്റ്, ബ്ലൂ ക്യാപ്പുകള്‍: കേസന്വേഷണത്തിന് ത്രിമുഖ പദ്ധതിയുമായി പോലീസ്
പത്തനംതിട്ട: സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ തടയുകയും, അവ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ എത്തിക്കുകയും ചെയ്യുക എന്ന അടിസ്ഥാന തത്വം ഉള്‍ക്കൊണ്ട് സംസ്ഥാന പോലീസ് നടപ്പാക്കുന്ന പുതിയ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പോലീസ് സംവിധാനത്തിന്റെ അടിസ്ഥാന കേന്ദ്രമായ പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ടാകുന്ന വിവിധ കേസുകളുടെ അന്വേഷണ പ്രക്രിയയില്‍ പങ്കാളികളായ എസ്.എച്ച്.ഒ മാരും, മുതിര്‍ന്ന ഉദ്യോഗസ്ഥരും, മറ്റ് പോലീസ് ഉദ്യോഗസ്ഥരും കേസന്വേഷണം കാര്യക്ഷമമായും ഫലപ്രദമായും നടത്തുക എന്നതാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യംവയ്ക്കുന്നത്.
കുറ്റാന്വേഷണ മികവുള്ള ഉദ്യോഗസ്ഥരെ വാര്‍ത്തെടുക്കുക എന്നത് ലക്ഷ്യമാക്കുന്ന പദ്ധതിപ്രകാരം പോലീസ് സ്റ്റേഷനുകളിലെ 45 വയസില്‍ താഴെയുള്ള ഒന്‍പത് പോലീസ് ഉദ്യോഗസ്ഥരെ വീതം മൂന്ന് ടീമുകളാക്കി തിരിച്ച് 'റെഡ് ക്യാപ്', 'വൈറ്റ് ക്യാപ്','ബ്ലൂ ക്യാപ്' എന്നിങ്ങനെ കേസുകളുടെ അടിസ്ഥാനത്തില്‍ വിഭജിച്ച് കേസന്വേഷണത്തില്‍ ഏര്‍പ്പെടുന്ന വിവിധ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടര്‍ ഹാളില്‍ ജില്ലാ പോലീസ് മേധാവി ജി.ജയദേവ് നിര്‍വഹിച്ചു.
പരുക്കേല്‍പ്പിക്കല്‍, കൊലപാതകം, കവര്‍ച്ച, പോക്‌സോ തുടങ്ങിയുള്ള വ്യക്തികള്‍ക്കെതിരായ വിവിധ കുറ്റകൃത്യങ്ങളെ 'റെഡ് ക്യാപ്'വിഭാഗത്തിലും, വഞ്ചനാകുറ്റം, കള്ളനോട്ട് തുടങ്ങിയ സൈബര്‍ സംബന്ധിയായ വിവിധ കുറ്റകൃത്യങ്ങളെ 'വൈറ്റ് ക്യാപ്' ന്ന വിഭാഗത്തിലും, മോഷണം, ഗാര്‍ഹികപീഡനം, മുതിര്‍ന്ന പൗരന്മാര്‍ക്കെതിരായ അതിക്രമങ്ങള്‍ തുടങ്ങിയവ 'ബ്ലൂ ക്യാപ്' വിഭാഗത്തിലും തിരിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ജില്ലാ അഡീഷണല്‍ പോലീസ് സൂപ്രണ്ട് എസ്. ശിവപ്രസാദിനെ പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തി. തുടര്‍ന്നുള്ള എല്ലാ ബുധനാഴ്ചകളിലും വിവിധ വിഭാഗം തിരിച്ച് പരിശീലനം തുടരും.