27 January, 2020 09:30:02 PM
പമ്പാനദി കരയായി മാറാന്‍ ഇനി അധിക കാലം കാത്തിരിക്കേണ്ടതില്ല
റാന്നി :അനിയന്ത്രിതമായ മണല്‍ വാരലുകൊണ്ട് പമ്പാനദി കരയായി മാറികൊണ്ടിരിക്കുകയാണ്. മഹാപ്രളയത്തിനു മുന്‍പ് പമ്പയില്‍ നിന്ന് വന്‍തോതില്‍ മണല്‍ ഖനനം നടന്നിരുന്നു. ആറിന്റെ അടിത്തട്ടില്‍ അടിഞ്ഞു കിടന്ന മണലും വാരി നീക്കിയിരുന്നു. പിന്നീട് അടിത്തട്ടില്‍ ശേഷിച്ചത് ചെളി മാത്രമായിരുന്നു. ചെളിയിലാണ് മണല്‍ പുറ്റുകള്‍ വളര്‍ന്നു തുടങ്ങിയത്. പാറയിടുക്കുകളിലും മറ്റും അടിഞ്ഞിരുന്ന ചെളിയില്‍ പുല്ലുകള്‍ വളര്‍ന്നാണ് കരയായി മാറിയിരുന്നത്.
പ്രളയത്തില്‍ വന്‍തോതില്‍ ചെളിയും മണലും ആറ്റിലൂടെ ഒഴുകിയെത്തിയിരുന്നു. മൂന്നു ദിവസം വെള്ളം കെട്ടിനിന്നപ്പോള്‍ ചെളിയെല്ലാം ആറിന്റെ തീരങ്ങളിലും കരകളിലും അടിഞ്ഞിരുന്നു. ആറ്റില്‍ ജലവിതാനം കുറഞ്ഞതോടെ ഇത്തരം ചെളിയില്‍ പുല്ലുകള്‍ വളരുകയാണ്. പുല്ലുവളരുന്ന ഭാഗങ്ങളില്‍ പിന്നീട് കര തെളിയുന്നു.
പുതമണ്‍ നീര്‍പ്പാലത്തിന്റെ താഴെ ഇത്തരത്തില്‍ കര തെളിഞ്ഞിട്ടുണ്ട്. പൂവത്തുംമൂടിന് മുകള്‍ ഭാഗങ്ങളിലെല്ലാം ഇതേ കാഴ്ച പ്രകടം. പെരുന്തേനരുവിക്കും കട്ടിക്കല്ലിനുമിടയില്‍ രണ്ടിടത്ത് ആറിന്റെ മധ്യത്തില്‍ തുരുത്തുകള്‍ രൂപപ്പെട്ടിട്ടുണ്ട്. തെങ്ങുകളും പറങ്കിമാവുമെല്ലാം തുരുത്തുകളില്‍ വളരുകയാണ്. ആറിന്റെ മറ്റു ഭാഗങ്ങളിലും തുരുത്തുകള്‍ തെളിയുന്ന കാലം വിദൂരമല്ല.