25 January, 2020 09:42:49 PM
ദേശീയ സമ്മതിദായക ദിനം: പത്തനംതിട്ട ജില്ലാതല ആഘോഷം നടത്തി
പത്തനംതിട്ട: പത്തനംതിട്ട ജില്ലാതല സമ്മതിദായക ദിനാഘോഷം നടത്തി. അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്(എ.ഡി.എം) അലക്‌സ് പി. തോമസ് യോഗം ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ദേശീയ സമ്മതിദായക ദിനാഘോഷ പരിപാടിയില്‍ എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ എസ്.എല്‍ സജികുമാര്‍ അധ്യക്ഷത വഹിച്ചു.
തെരഞ്ഞെടുപ്പുകളില്‍ വോട്ടവകാശം വിനിയോഗിക്കുക എന്നത് പൗരന്റെ പ്രധാനപ്പെട്ട കര്‍ത്തവ്യമാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി.വോട്ടവകാശം വിനിയോഗിക്കുന്നതില്‍ നിന്ന് പിന്നോക്കം പോകുന്നതു നമ്മുടെ ജനാധിപത്യ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും. ജനാധിപത്യ വ്യവസ്ഥയില്‍ തെരഞ്ഞെടുപ്പുകളിലൂടെ പ്രാധാന്യം ഉള്‍ക്കൊണ്ട് വോട്ടവകാശം വിനിയോഗിക്കാനുള്ള അറിവുകള്‍ ജനങ്ങള്‍ക്കു പകര്‍ന്നു നല്‍കാന്‍ ഇത്തരം ദിനാഘോഷങ്ങളിലൂടെ കഴിയും. തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ വോട്ട് ചെയ്യുന്നതു കുറഞ്ഞുവന്ന സാഹചര്യത്തിലാണു ജനുവരി 25ന് ദേശീയ സമ്മതിദായക ദിനാഘോഷമായി ആചരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചതെന്നും എ.ഡി.എം പറഞ്ഞു.
ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ. കുട്ടപ്പന്‍ 'സുസ്ഥിര വികസനത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത' എന്ന സന്ദേശവും സമ്മതിദായക പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. ജില്ലാതല കത്തെഴുത്ത് മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ പുല്ലാട് വിവേകാനന്ദ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥി അഭിത വി. അഭിലാഷ്, അയിരൂര്‍ ജി.എച്ച്.എസ്.എസ്. വിദ്യാര്‍ഥി എ.ഗോപിക എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ എ.ഡി.എം വിതരണം ചെയ്തു. 18 വയസ് പൂര്‍ത്തിയായ എന്‍.ജി ഗംഗ, അഞ്ജലി പ്രസാദ്, ഹാജറ സലാം, ഫാത്തിമ എന്നിവര്‍ക്ക് ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ കുട്ടപ്പന്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി.