18 January, 2020 09:03:01 PM
കുടുംബശ്രീയുടെ തുണിസഞ്ചികള്‍ കടല്‍ കടക്കാന്‍ ഒരുങ്ങുന്നു
പത്തനംതിട്ട : കുടുംബശ്രീയുടെ തുണിസഞ്ചികള്‍ നാലാംമൈലില്‍ നിന്ന് കടല്‍ കടക്കാന്‍ ഒരുങ്ങുന്നു. കടമ്പനാട് പഞ്ചായത്തിലെ തുവയൂര്‍ നാലാംമൈലിലുള്ള അംബാ ബാഗ് നിര്‍മാണ യൂണിറ്റില്‍ നിന്നാണ് തുണി സഞ്ചികള്‍ കുവൈത്തിലെത്താന്‍ പോകുന്നത്. യൂണിറ്റിനെ കുറിച്ച് ഫെയ്‌സ്ബുക്കിലൂടെ അറിഞ്ഞ മലയാളിയായ കയറ്റുമതി സംരംഭകന്‍ കുവൈത്തില്‍ നിന്ന് നേരിട്ടു വിളിച്ചാണ് ഓര്‍ഡര്‍ നല്‍കിയത്. എല്ലാ മാസവും തുണി സഞ്ചി എത്തിക്കാനാണ് അംബാ യൂണിറ്റിന്റെ ലക്ഷ്യം.
പ്ലാസ്റ്റിക് നിരോധനത്തെ തുടര്‍ന്ന് തുണി സഞ്ചികള്‍, പേപ്പര്‍ കവര്‍, ചണ സഞ്ചി എന്നിവയ്ക്ക് ആവശ്യമേറിയതോടെ യൂണിറ്റ് സജീവമാണ്. വിജയമ്മ, സുനിതാ മോഹന്‍, ശാലിനി എന്നിവര്‍ ചേര്‍ന്നാണ് കുടുംബശ്രീയുടെ ഈ സ്റ്റാര്‍ട്ട് അപ് സംരംഭത്തിന് ചുക്കാന്‍ പിടിക്കുന്നത്. വിജയമ്മയുടെ വീട്ടില്‍ സൗകര്യം ഒരുക്കിയാണ് 6 മാസം മുന്‍പ് സംരംഭം തുടങ്ങിയത്. സഞ്ചികള്‍ക്കൊപ്പം നെറ്റിപ്പട്ടവും നെയ്തു വില്‍പന നടത്തുന്നു.