16 January, 2020 08:06:35 PM
കൊടുമണ്‍ പഞ്ചായത്തില്‍ തരിശുനിലമില്ലാതെ പാടങ്ങള്‍ കതിരണിഞ്ഞു
കൊടുമണ്‍ : കൊടുമണ്‍ പഞ്ചായത്തില്‍ തരിശുനിലമില്ലാതെ പാടങ്ങള്‍ കതിരണിഞ്ഞു. പറക്കോട് ബ്ലോക്കിലെ ആദ്യ തരിശുരഹിത പഞ്ചായത്ത് എന്ന നേട്ടമാണ് കൊടുമണ്‍ കൈവരിച്ചത്. കൃഷി ഭവന്റെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്ത് സാമ്പത്തിക സഹായത്തോടെ തരിശു കിടന്നിരുന്ന നിലങ്ങളുടെ സര്‍വേ പൂര്‍ത്തീകരിച്ച് കൃഷി ചെയ്യുന്ന പദ്ധതി ആണ് പൂര്‍ത്തീകരിച്ചത്. ഹരിത കേരളമിഷന്റെ ചാലഞ്ച് 2020 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തരിശുരഹിത പ്രവര്‍ത്തനങ്ങള്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയത്.
തൊഴിലുറപ്പ്, കുടുംബശ്രീ, കൃഷിഭവന്‍, പഞ്ചായത്ത്, പാടശേഖരസമിതി എന്നിവയുടെ സംയുക്ത കൂട്ടായ്മയിലൂടെ ഉണ്ടാക്കിയ വിജയമാണിത്. തൂമ്പാക്കുളം, മംഗലത്ത്, ചെറുകര, വെട്ടിക്കുളം, പെരുംകുളം, കോയിക്കല്‍, കൊന്നക്കോട്, മംഗലത്ത് തുടങ്ങിയ പാടശേഖരങ്ങളിലെ തരിശു നിലങ്ങള്‍ ഉപയോഗ്യമാക്കി. ഇത്തവണ 400 ഏക്കര്‍ സ്ഥലങ്ങളിലാണ് കൃഷി ഇറക്കിയത്. ഇതില്‍ 125 ഏക്കര്‍ തരിശു നിലം ആയിരുന്നു. ഐക്കാട് കാരിക്കല്‍ കോളനിയില്‍ കുടുംബശ്രീ കൂട്ടായ്മയില്‍ ആണ് നെല്‍ക്കൃഷി ഇറക്കിയത്.
പഞ്ചായത്തില്‍ നിന്ന് 80 ലക്ഷം രൂപയുടെ സഹായമാണ് ലഭിക്കുന്നത്. ഇവയില്‍ 37 ലക്ഷം രൂപ നെല്‍ക്കൃഷിക്ക് മാത്രമായി വിനിയോഗിക്കുന്നു. കൃഷി ഭവനില്‍ നിന്ന് സൗജന്യമായി വിത്തും സബ്‌സിഡി നിരക്കില്‍ വളം, കുമ്മായം, കൂലി ചെലവ് എന്നിവയും ലഭ്യമാക്കി.