15 January, 2020 09:48:36 PM
പ്ലാസ്റ്റിക്കിന് വിട, പരിസ്ഥിതി സൗഹാര്‍ദ പദ്ധതികളുമായി കൊടുമണ്‍ പഞ്ചായത്ത് അധികൃതര്‍
പത്തനംതിട്ട : കൊടുമണ്‍ പഞ്ചായത്ത് പരിധിയില്‍ പ്ലാസ്റ്റിക്ക് പൂര്‍ണമായി നിരോധിച്ചുകൊണ്ട് പരിസ്ഥിതി സൗഹാര്‍ദ പദ്ധതികളുമായി അധികൃതര്‍. കടകളില്‍ നിന്ന് പ്ലാസ്റ്റിക് കവറുകള്‍ പൂര്‍ണമായി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ തുണി സഞ്ചികള്‍ സജീവമാക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമായത്. ഇതിനായി പഞ്ചായത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ചെറുകിട യൂണിറ്റുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു.
വീടുകളില്‍ നിന്നുള്ള കോട്ടന്‍ തുണിയുടെ സംഭരണവും ആരംഭിച്ചു. കോട്ടന്‍ തുണികള്‍ ഉപയോഗിച്ച് കൂടുതല്‍ തുണി സഞ്ചികള്‍ നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഇവ സംഭരിച്ചു തുടങ്ങിയത്. വീടുകളില്‍ കയറിയുള്ള ബോധവല്‍ക്കരണവും ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് ശേഖരിച്ച് നിര്‍മാര്‍ജനം ചെയ്യാനുള്ള നടപടികളും ആരംഭിച്ചു. ഹരിത കര്‍മസേനയുടെ നേതൃത്വത്തില്‍ വീടുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് ശേഖരിച്ചു തുടങ്ങി. ഇത് പൊടിച്ച് വീണ്ടും ഉപയോഗിക്കാവുന്ന പ്രവര്‍ത്തനത്തിനായി പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റും ആരംഭിച്ചു. ഇതിനായി കുടുംബശ്രീ പ്രവര്‍ത്തകരെ പ്രത്യേകം പരിശീലിപ്പിച്ച് നിയോഗിച്ചു.