12 January, 2020 06:19:01 PM
'പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ?': മോഹന്‍ലാലിന്‍റെ 'അവകാശവാദം' പൊളിച്ചടുക്കി ഗായകന്‍ മുരളി

തിരുവനന്തപുരം: ബിഗ്‌ബോസ് പരിപാടിയില്‍ ഒരു പാട്ടിന്‍റെ പേരില്‍ മോഹന്‍ലാല്‍ നടത്തിയ അവകാശ വാദം ഏറെ വിവാദമാകുന്നു. 'ഉയരും ഞാന്‍ നാടാകെ' എന്ന ചിത്രത്തില്‍ ഗായകന്‍ വി.ടി. മുരളി ആലപിച്ച 'മാതളത്തേനുണ്ണാന്‍ പാറിപ്പറന്നുവന്ന മാണിക്യക്കുയിലാളേ...' എന്ന ഗാനം താന്‍ ആലപിച്ചതാണെന്ന മോഹന്‍ലാലിന്‍റെ വാദം പൊളിച്ചടുക്കി ഗായകന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
പരിപാടിയില്‍ മോഹന്‍ലാലിന്‍റെ അവകാശവാദം ശ്രദ്ധയില്‍പ്പെട്ടതോടെ ചില അടുത്ത സുഹൃത്തുക്കള്‍ ഗായകന്‍ വി.ടി.മുരളിയെ വിവരം ധരിപ്പിക്കുകയായിരുന്നു. ഇതോടെ ഫേസ്‌ബുക്ക് പോസ്റ്റുമായി ഗാനം ആലപിച്ച വി.ടി മുരളി രംഗത്തെത്തുകയായിരുന്നു. സുഹൃത്തുക്കള്‍ വിളിച്ചറിയിച്ചപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും തുടര്‍ന്ന് പരിപാടിയുടെ പുനഃസംപ്രേഷണം കണ്ടപ്പോഴാണ് സംഭവം സത്യമാണെന്ന് മനസിലായതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ച മുരളി പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോയെന്നും ചോദിക്കുന്നു.
മുരളിയുടെ മകള്‍ വി.ടി നിതയും സംഭവത്തില്‍ ഫേസ്‌ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിട്ടുണ്ട്. താങ്ക്യു മോഹന്‍ലാല്‍ സാര്‍ ഇത്രയും കാലം വിചാരിച്ചത് ഇത് എന്‍റെ അച്ഛന്‍ പാടിയ പാട്ടാണെന്നാണ്. ഇത് താങ്കള്‍ പാടിയ പാട്ടാണെന്ന് അറിയില്ലായിരുന്നെന്ന പരിഹാസത്തോടെയാണ് അദ്ദേഹത്തിന്‍റെ മകള്‍ കുറിച്ചത്. പി. ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിച്ച് 1985ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ഉയരും ഞാന്‍ നാടാകെ'. ഇതിലെ ഏറെ ശ്രദ്ധിക്കപ്പെട്ട 'മാതളത്തേനുണ്ണാന്‍...' എന്ന ഗാനം ഒ.എന്‍.വി. കുറുപ്പ് രചിച്ച് കെ.പി.എന്‍. പിള്ള സംഗീതം പകര്‍ന്ന് വി.ടി. മുരളി ആലപിച്ചതാണ്. 'ഓത്തുപള്ളീലന്നു നമ്മള്‍ പോയിരുന്ന കാലം...' വി.ടി. മുരളി പാടിയ മറ്റൊരു ഹിറ്റ് ഗാനമാണ്.

വി.ടി.മുരളിയുടെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ...
"ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസ് എന്ന പരിപാടി ഞാൻ കാണാറില്ല.
ഇന്നലെ രാത്രി ആ പരിപാടി സംപ്രേക്ഷണം ചെയ്ത ശേഷം എന്നെ കുറെ പേർ വിളിച്ചു.
ബിഗ് ബോസ് കണ്ടില്ലെ എന്ന് ചോദിച്ചു.
ഇല്ല എന്ന് ഞാൻ പറഞ്ഞു.
എന്താണ് കാര്യം എന്ന് തുടർന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞ കാര്യങ്ങൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഇന്ന് ആ പരിപാടിയുടെ പുന: സംപ്രേക്ഷണം എത്ര മണിക്കാണെന്നന്വേഷിച്ച് ഇന്ന് ഞാൻ കണ്ടു.
പരിപാടിയുടെ അവസാന ഭാഗത്ത്.
ശോകമൂകമായ അന്തരീക്ഷത്തിൽ ധർമജൻ എന്ന നടൻ ക്യാമ്പ് വിട്ടു പോകുന്നു.
മോഹൻലാൽ ആ നാടകത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്നു.
എല്ലാവരുടെയും മുഖത്ത് ദു:ഖം ഘനീഭവിച്ചിരിക്കുന്നു.
മോഹൻലാൽ ( ലാലേട്ടൻ എന്ന് പറയാത്തത് അദ്ദേഹത്തിന് വയസ്സ് കുറവായത് കൊണ്ടാണേ.
ബഹുമാനക്കുറവ് കൊണ്ടല്ല. അങ്ങിനെ പറഞ്ഞ് ശീലവുമില്ല.ആരാധകർ ക്ഷോഭിക്കരുത് )
ധർമജനനോട് ഒരു പാട്ട് പാടാൻ പറയുന്നു.
ധർമജൻ പാടുന്നു.
" മാതളത്തേനുണ്ണാൻ പാറിപ്പറന്നു വന്ന
മാണിക്യക്കുയിലാളെ
നീയെവിടെ നിന്റെ കൂടെവിടെ
നീ പാടും പൂമരമെവിടെ ".
മോഹൻലാൽ.." ഈ പാട്ട് പാടിയതാരാണെന്നറിയാമോ ?
ധർമജൻ.." ഇല്ല"
മോഹൻലാൽ.." ഇത് ഞാൻ പാടിയ പാട്ടാണ്"
( സദസ്സിൽ കൈയടി )
മോഹൻലാൽ..
"ചന്ദ്രകുമാർ സംവിധാനം ചെയ്ത ''ഉയരും ഞാൻ നാടാകെ " എന്ന സിനിമയ്ക്ക് വേണ്ടി ഞാൻ പാടിയതാണീ പാട്ട്"
തുടർന്ന് ഗംഭീര കൈയടി മുഴങ്ങുന്നു.
കൈയടി നേർത്തുനേർത്തു വരുന്നു.
രംഗം അവസാനിക്കുന്നു..
( ഇന്നലെ ഏഷ്യാനെറ്റിൽ ഈ പരിപാടി നടക്കുന്ന സമയത്ത് ഒരു സാംസ്കാരിക പരിപാടി ഉൽഘാടനം ചെയ്യ് കൊണ്ട് , ജനങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് മാതളത്തേനുണ്ണാൻ പാടുകയായിരുന്നു.
എന്നത് യാദൃശ്ചികം.
വാൽക്കഷണം.
-----------------------
പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ ?"