09 January, 2020 08:31:43 PM


കെട്ടിക്കിടക്കുന്ന അനാവശ്യ ഫയലുകള്‍ ഒരു മാസത്തിനകം നീക്കം ചെയ്യണം: പത്തനംതിട്ട കളക്ടര്‍



പത്തനംതിട്ട : കളക്ടറേറ്റിലെ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകളും സാധനങ്ങളും ഒരു മാസത്തിനകം നീക്കം ചെയ്യുവാന്‍ ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്കും ജില്ലാ ഓഫീസര്‍മാര്‍ക്കും ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍ദേശം നല്‍കി. കളക്ടറേറ്റ് പരിസരത്ത് കെട്ടിക്കിടക്കുന്ന അനാവശ്യ വസ്തുക്കള്‍ ഒരു മാസത്തിനകം നീക്കം ചെയ്യാനും ഹുസുര്‍ ശിരസ്തദാറിനു കളക്ടര്‍ നിര്‍ദേശം നല്‍കി.


കളക്ടറേറ്റും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റിലെ എല്ലാ ഓഫീസുകളും സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ പ്രവര്‍ത്തനം വിലയിരുത്തി. ചില ഓഫീസുകളില്‍ ആവശ്യമില്ലാതെ കെട്ടിക്കിടക്കുന്ന ഫയലുകളും ഇ-വേസ്റ്റുകളും അടിയന്തരമായി നീക്കം ചെയ്യുവാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. ഭക്ഷണാവശിഷ്ടങ്ങള്‍ക്കു പുറമേ പേപ്പര്‍ വേസ്റ്റുകളും മറ്റും നിക്ഷേപിക്കുവാന്‍ പ്രത്യേക ബിന്നുകള്‍ സ്ഥാപിക്കുവാന്‍ ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.


ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും കെട്ടിക്കിടക്കുന്ന ഫയലുകള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതിനു നടപടി സ്വീകരിക്കും. ഇതിനു മുന്നോടിയായാണു കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഓഫീസുകളിലെ കെട്ടിക്കിടക്കുന്ന ഫയലുകള്‍ നീക്കം ചെയ്യുവാന്‍ നടപടി സ്വീകരിച്ചത്. ഒരു മാസത്തിനു ശേഷം കളക്ടര്‍ വീണ്ടും ഈ ഓഫീസുകള്‍ സന്ദര്‍ശിക്കും. വൃത്തിയായി സൂക്ഷിക്കുന്ന ഓഫീസുകള്‍ക്കു പ്രത്യേക സമ്മാനങ്ങള്‍ നല്‍കും. എല്ലാ ഓഫീസുകളും വൃത്തിയായി സൂക്ഷിക്കണം. ഒരു ഓഫീസ് പരിസരത്ത് കുറഞ്ഞത് അഞ്ച് ചെടിച്ചട്ടികളില്‍ ചെടികള്‍ നട്ടുപരിപാലിക്കണമെന്നും കളക്ടര്‍ പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K