08 January, 2020 05:27:07 PM
പലവട്ടം പേരുവിളിച്ചിട്ടും പിഞ്ചു പ്രതികരിച്ചില്ല; മന്ത്രി കെ രാജു കുട്ടിയാനയെ കാണാനെത്തി
കോന്നി : രോഗം ബാധിച്ച് കിടപ്പിലായ കുട്ടിയാന പിഞ്ചുവിനെ വനംവകുപ്പ് മന്ത്രി കെ.രാജു സന്ദര്‍ശിച്ചു. മന്ത്രി പലവട്ടം പേരുവിളിച്ചിട്ടും പിഞ്ചു പക്ഷേ പ്രതികരിച്ചില്ല.4 വര്‍ഷം മുന്‍പ് മന്ത്രിയാണ് കുട്ടിയാനയ്ക്ക് പിഞ്ചുവെന്ന പേരു നല്‍കിയത്.പിന്നിലെ ഇടതുകാല്‍മുട്ടിനു മുകളില്‍ നീര് വന്ന വേദന സഹിക്കാന്‍ കഴിയാത്ത നിലയിലായിരുന്ന ആനയ്ക്കു പിന്നീട് അടുത്ത കാലിനും നീര് വന്നതോടെയാണ് കിടപ്പിലായത്. ജന്മനായുള്ള വൈകല്യമാണ് കാരണം.
രോഗ വിവരം അറിഞ്ഞ് വിദഗ്ധരായ ഡോക്ടര്‍മാരെ പരിശോധനയ്ക്കായി അയച്ചിരുന്നതായും ഉദ്യോഗസ്ഥരുമായി ആലോചിച്ച് കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമെങ്കില്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഒന്നേകാല്‍ ടണ്‍ ഭാരമാണ് ഇപ്പോള്‍ ആനയ്ക്കുള്ളത്. ഇതു കുറയുന്നുണ്ട്. ശരീരഭാരം കുറയുന്നതോടെ അനായാസേന എണീറ്റു നില്‍ക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ഇതിനിടെ കുഴിയെടുത്ത് വെള്ളം നിറച്ച് ആനയെ അതില്‍ നിര്‍ത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഡിഎഫ്ഒ ശ്യാം മോഹന്‍ ലാല്‍, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ഡോ. ശ്യാം ചന്ദ്രന്‍ എന്നിവരുമായി മന്ത്രി ചര്‍ച്ച നടത്തി.