05 January, 2020 12:56:29 PM


തിരുവല്ല ബൈപാസിന്റെ പൈലിങ് ജോലികള്‍ ഇന്നു പൂര്‍ത്തിയാകും : ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കും



തിരുവല്ല : ബൈപാസിന്റെ പ്രധാന ഭാഗമായ മല്ലപ്പള്ളി റോഡ് മുതല്‍ രാമന്‍ചിറ വരെയുള്ള വയഡക്ടിന്റെ പൈലിങ് ജോലികള്‍ ഇന്നു പൂര്‍ത്തിയാകും. കെഎസ്ടിപി പ്രോജക്റ്റ് ഡയറക്ടര്‍ ഡോ. രാജമാണിക്യം, ചീഫ് എന്‍ജിനീയര്‍ ഡാര്‍ലിന്‍ കാര്‍മലീത്ത ഡിക്രൂസ് എന്നിവര്‍ ഇന്നു സ്ഥലം സന്ദര്‍ശിക്കുമെന്നു മാത്യു ടി.തോമസ് എംഎല്‍എ അറിയിച്ചു. ബൈപാസിന്റെ മറ്റു ഭാഗങ്ങളുടെയും നിര്‍മാണം അവസാനഘട്ടത്തിലാണ്. 


നേരത്തേ തീരുമാനിച്ച പദ്ധതിയില്‍ നിന്നു മാറ്റി വയഡക്ട് നിര്‍മിക്കാന്‍ തീരുമാനിച്ച് നിര്‍മാണം തുടങ്ങിയത് കഴിഞ്ഞ മാര്‍ച്ചിലാണ്. എന്നാല്‍ 23 ദിവസത്തിനുശേഷം നിര്‍മാണം നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. ലോകബാങ്കിന്റെ പരിശോധന പൂര്‍ത്തിയാക്കി ഒക്ടോബറിലാണ് വീണ്ടും തുടങ്ങിയത്. മാര്‍ച്ച് 31 വരെയാണ് കാലാവധിയെങ്കിലും മേയ് 31നു മാത്രമേ നിര്‍മാണം പൂര്‍ത്തിയാകുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. അതോടെ മഴുവങ്ങാട് മുതല്‍ രാമന്‍ചിറ വരെയുള്ള ബൈപാസ് നിര്‍മാണം പൂര്‍ണമാകും.മഴുവങ്ങാട് മുതല്‍ ബി വണ്‍ ബി വണ്‍ റോഡുവരെയുള്ള ഭാഗം ടാറിങ് പൂര്‍ത്തിയായി. വശങ്ങളിലെ സംരക്ഷണ ഭിത്തിയുടെ നിര്‍മാണമാണ് നടക്കുന്നത്. 


മല്ലപ്പള്ളി റോഡില്‍ നിന്നു തുടങ്ങി രാമന്‍ചിറ വരെ 210 മീറ്റര്‍ ദൂരത്തില്‍ 10 തൂണുകളാണ് വയഡക്ടിനുള്ളത്. ഇതിന് 61 പൈലുകളാണ് അടിച്ചിരിക്കുന്നത്. 27 മീറ്റര്‍ മുതല്‍  43 മീറ്റര്‍ വരെ ആഴമാണ് പൈലുകള്‍ക്കുള്ളത്. ഇതില്‍ 7 പൈലുകളുടെ തറനിരപ്പ് വരെയുള്ള നിര്‍മാണം പൂര്‍ത്തിയായി. 2 തൂണുകള്‍ക്കിടയില്‍ 25 മീറ്ററാണ് ദൂരം.











Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K