03 January, 2020 09:57:43 PM
ക്രിസോസ്റ്റം തിരുമേനിയെ കാണാന്‍ കുമ്പനാട്ടേക്ക് ഗവര്‍ണറെത്തി
പത്തനംതിട്ട : മലയാളികളുടെ പ്രിയപ്പെട്ട കിസോസ്റ്റം തിരുമേനിയെ കാണാന്‍ കുമ്പനാട്ടേക്ക് കേരളാ ഗവര്‍ണറെത്തി. ഇന്നലെ 2.15ന് ഫെലോഷിപ് ആശുപത്രിയില്‍ എത്തിയാണ് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദര്‍ശിച്ചത്. അഞ്ച് മിനിറ്റ് നീണ്ട സന്ദര്‍ശനത്തിനൊടുവില്‍ മാര്‍ ക്രിസോസ്റ്റത്തിന്റെ കൈയില്‍ മുത്തമിട്ട് ആരോഗ്യവാനായി വേഗം തിരിച്ചെത്തട്ടെയെന്ന് ഗവര്‍ണറര്‍ ആശംസിച്ചു.
കൂടാതെ മെത്രാപ്പൊലീത്തയുടെ കയ്യൊപ്പ് രേഖപ്പെടുത്തിയ 'ചിരിയുടെ വലിയ മെത്രാപ്പൊലീത്ത' എന്ന പുസ്തകം അദ്ദേഹം ഗവര്‍ണര്‍ക്ക് സമ്മാനിച്ചു. ഗവര്‍ണര്‍ക്ക് സഭയുടെ ആശംസകള്‍ നേരുകയും ചെയ്തു. പ്രളയാനന്തര ഭവന നിര്‍മാണ പദ്ധതിയിലൂടെ മാര്‍ത്തോമ്മാ സഭ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാന ചടങ്ങിന് തിരുവല്ലയില്‍ എത്തിയതായിരുന്നു ഗവര്‍ണര്‍.
വാര്‍ധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ വലിയ മെത്രാപ്പൊലീത്തയെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചത്.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സെക്രട്ടറിയും കോഴിക്കോട് മുന്‍ കലക്ടറുമായ പി.ബി.സലിം, ജില്ലാ കലക്ടര്‍ പി.ബി.നൂഹ്, ബിനു വര്‍ഗീസ്, ഡോ. രാജു പി.ജോര്‍ജ്, ഡോ. കൃപ അന്ന വര്‍ഗീസ്, ഫെലോഷിപ് മിഷന്‍ ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ പി.ടി.ഫിലിപ് എന്നിവരും ഗവര്‍ണറുടെ ഒപ്പമുണ്ടായിരുന്നു.