27 December, 2019 09:22:17 PM
സഞ്ചാരികളോടും സ്ത്രീകളോടും മോശം സമീപനം: ഗവി റൂട്ടിലെ ചെക്ക് പോസ്റ്റ് പ്രവര്‍ത്തനം നിര്‍ത്തി
സീതത്തോട് : ഗവി റൂട്ടിലെ പെരിയാര്‍ കടുവസങ്കേതം കിഴക്ക് ഡിവിഷന്‍റെ കീഴിലുള്ള ഐസി ടണല്‍ ചെക്ക് പോസ്റ്റ് പ്രവര്‍ത്തനം അവസാനിപ്പിച്ചു. സഞ്ചാരികളോടും സ്ത്രീകളോടും മോശമായ സമീപനം ഉദ്യോഗസ്ഥര്‍ പുലര്‍ത്തുന്നുവെന്ന പരാതി ഉയരുന്നുണ്ടായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുടെ കുറവാണ് ചെക്ക് പോസ്റ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനുള്ള കാരണമായി വനം വകുപ്പ് അധികൃതര്‍ പറയുന്നത്.
ഗൂഡ്രിക്കല്‍ റേഞ്ചിന്‍റെ പരിധിയില്‍പ്പെട്ട ഐസി ടണലിനു സമീപപ്രദേശങ്ങള്‍ കടുവാ സങ്കേതത്തിന്റെ ഭാഗമായി റാന്നി ഡിവിഷനില്‍നിന്ന് പെരിയാര്‍ കടുവസങ്കേതം കിഴക്ക് ഡിവിഷനു വിട്ട് നല്‍കിയിരുന്നു. ഇതിനു ശേഷമാണ് ഐസി ടണല്‍ ഭാഗത്ത് പുതിയ ചെക്ക് പോസ്റ്റ് തുറന്നത്.ഗൂഡ്രിക്കല്‍ റേഞ്ചിന്‍റെ കിളിയെറിഞ്ഞാന്‍കല്ല് ഫോറസ്റ്റ് ചെക്ക് പോസ്റ്റ്, മൂഴിയാര്‍, കക്കി അണക്കെട്ടുകളിലേയും പൊലീസ് ചെക്ക് പോസ്റ്റ് എന്നിവ കടന്ന് വേണമായിരുന്നു ഐടി ടണല്‍ ചെക്ക് പോസ്റ്റില്‍ എത്താന്‍. ഇവിടെ നിന്നായിരുന്നു പെരിയാര്‍ കടുവസങ്കേതം ഭാഗത്തേയ്ക്കു പ്രവേശിക്കുന്നതിനുള്ള വാഹനപാസ് നല്‍കിയിരുന്നത്. ചെക്ക് പോസ്റ്റ് കെട്ടിടം ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്‌സാക്കി.
ഇപ്പോള്‍ പച്ചക്കാനം ചെക്ക് പോസ്റ്റില്‍ മാത്രമാണ് ഗവിയില്‍ എത്തുന്നതിനു മുന്നോടിയായുള്ള പരിശോധന. ഇവിടെ എത്തുന്ന സ്ത്രീകള്‍ അടക്കമുള്ള സഞ്ചാരികളോടു തീര്‍ത്തും മോശമായ സമീപനമായിരുന്നു ചെക്ക് പോസ്റ്റിലെ ജീവനക്കാര്‍ പുലര്‍ത്തിയിരുന്നതെന്ന് ആക്ഷേപമുണ്ട്. അതിരുവിട്ട പരിശോധനയെ ചൊല്ലി ജീവനക്കാരും സഞ്ചാരികളും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ പതിവായതോടെ പരാതികളുടെ പ്രവാഹമായി. അടുത്ത സമയം വിജിലന്‍സ് വിഭാഗം പരിശോധന നടത്തി സഞ്ചാരികളെ ബുദ്ധിമുട്ടിച്ചിരുന്ന ജീവനക്കാരെ സ്ഥലം മാറ്റുകയും ചെയ്തു.