22 December, 2019 02:04:15 PM


പിടിമുറുക്കി കോയിപ്രം പോലീസ്; മണ്ണ് കടത്തിയ ലോറികളും മണ്ണുമാന്തിയന്ത്രവും കസ്റ്റഡിയില്‍



വെണ്ണിക്കുളം : പച്ചമണ്ണ് കടത്തിയ 3 ടിപ്പര്‍ലോറികളും മണ്ണുമാന്തിയന്ത്രവും കോയിപ്രം പോലീസ് പിടിച്ചെടുത്തു.വഹനങ്ങളുടെ ഉടമ തേക്കുങ്കല്‍ പാറയ്ക്കല്‍ ജോസഫ് മാത്യുവിനെയും പോലീസ് അറസ്റ്റ് ചെയ്തു.മല്ലപ്പള്ളി താലൂക്കിലും സമീപപ്രദേശങ്ങളിലും പച്ചമണ്ണ് കടത്ത് വ്യാപകമാകുന്നു എന്ന പരാതി ലഭിച്ചതിനെതുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. വാളക്കുഴി കുരിശുമുട്ടത്തുനിന്നാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. കോയിപ്രം പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍. ഗിരീഷ്, എസ്‌ഐ ബി. രമേശന്‍, എഎസ്‌ഐ സുധീഷ്, സിപിഒ ബിനുലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. ജോസഫ് മാത്യുവിന്റെ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.


പച്ചമണ്ണ് കടത്തുന്നതിനിടെ നവംബര്‍ 22ന് ആറും ഈമാസം 7ന് മൂന്നും ടോറസ് ലോറികള്‍ കോയിപ്രം പോലീസ് പിടിച്ചെടുത്തിരുന്നു. പോലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2 സംഭവങ്ങളിലുമായി നാലരലക്ഷത്തോളം രൂപ ജിയോളജി വകുപ്പ് പിഴയും ചുമത്തിയിരുന്നു. പലപ്പോഴും രാത്രിയുടെ മറവിലാണ് മണ്ണ് കടത്ത് വ്യാപകമായിരിക്കുന്നത്. കെട്ടിട നിര്‍മാണത്തിന് നല്‍കുന്ന പാസിന്റെ മറവില്‍ കുന്നുകള്‍ ഇടിച്ച് നിരത്തുകയാണ് മാഫിയകള്‍. ഇത് തടയാന്‍ റവന്യു വകുപ്പ് മുന്നിട്ടിറങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K