12 December, 2019 06:08:35 PM
ക്ഷേത്രവളപ്പില്‍ നിന്നും ചന്ദനമരം മുറിച്ചു കടത്തി
കല്ലമ്പലം : നാവായിക്കുളം കുടവൂര്‍ പത്തനാപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ചുറ്റുമതിലിനുള്ളില്‍ നിന്നിരുന്ന ചന്ദനമരം കഴിഞ്ഞ ദിവസം രാത്രി മോഷ്ടാക്കള്‍ മുറിച്ചു കടത്തി. ക്ഷേത്രപരിസരത്ത് രാത്രി 11.30വരെ ആളുണ്ടായിരുന്നതിനാല്‍ അതിനുശേഷമാകാം 80 വര്‍ഷം പഴക്കവും 18അടിയോളം പൊക്കവുമുള്ള ചന്ദനമരം മുറിച്ചു കടത്തിയതെന്ന് കരുതുന്നു.
ചുറ്റുമതിലിനു സമീപമുള്ള യക്ഷിത്തറയോട് ചേര്‍ന്ന് നിന്ന ചന്ദനമരമാണ് മെഷീന്‍വാളുപയോഗിച്ച് മുറിച്ചു കടത്തിയത്. യക്ഷിത്തറയ്ക്ക് സമീപം സ്ഥാപിച്ചിട്ടുള്ള എല്‍ഇഡി ലൈറ്റ് ഓഫാക്കിയാണ് മുറിച്ചത്. ഇതിന്‍റെ സ്വിച്ച് ആര്‍ക്കും എളുപ്പം മനസ്സിലാകാത്ത സ്ഥലത്താണ് സ്ഥാപിച്ചിട്ടുള്ളത്. അതിനാല്‍ ക്ഷേത്രത്തിനെക്കുറിച്ച് വ്യക്തമായി അറിയാവുന്നവരാകാം പിന്നിലെന്ന് ഭാരവാഹികള്‍ സംശയിക്കുന്നു.