08 December, 2019 04:17:04 PM
ഹരിതകര്‍മ സേനയുടെ അജൈവ മാലിന്യ ശേഖരണം പാതിവഴിയില്‍ ; മൂക്കുപൊത്തി നാട്ടുകാര്‍
തിരുവല്ല: പെരിങ്ങര പഞ്ചായത്തില്‍ ഹരിതകര്‍മ സേനയുടെ നേതൃത്തത്തില്‍ നടന്ന അജൈവ മാലിന്യ ശേഖരണം പാതിവഴിയിലായി. വീടുകളില്‍ നിന്നു കുടുംബശ്രീ മുഖാന്തരം ശേഖരിച്ച മാലിന്യങ്ങള്‍ 2 മാസമായി നീക്കം ചെയ്യുന്നില്ല. ഇതോടെ നാട്ടുകാരും വഴിപോക്കരും വഴിവക്കില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിലേക്കു പിന്നെയും തള്ളാന്‍ തുടങ്ങി. ഇതോടെ തെരുവുനായ്ക്കളുടെ ശല്യവും വര്‍ദ്ധിച്ചു.
പദ്ധതി തുടങ്ങി ആദ്യത്തെ 4 മാസം മാലിന്യം എടുക്കുകയും നീക്കം ചെയ്യുകയും ചെയ്തു. 2 മാസമായി വീടുകളില്‍ നിന്നെടുക്കുന്നവ എല്ലാ വാര്‍ഡിലും റോഡുവശത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഒരു വാര്‍ഡില്‍ 50-60 സ്ഥലങ്ങളില്‍ വരെ ഇങ്ങനെ കിടക്കുന്നുണ്ട്.
പഞ്ചായത്തിനു സ്വന്തമായി മാലിന്യ ശേഖരണ കേന്ദ്രം ഇല്ലാത്തതിനാല്‍ ഹരിത കര്‍മസേന എടുക്കുന്ന മാലിന്യം ക്ലീന്‍ കേരള കമ്പനിക്കാണ് നല്‍കുന്നത്.ഇവര്‍ക്ക് ഒരു വാര്‍ഡില്‍ നിന്നെടുക്കുന്നതിന് 1000 രൂപ വാഹനക്കൂലി ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് നല്‍കിയിട്ടില്ല. ഇതോടെ 2 മാസമായി കമ്പനി മാലിന്യം എടുക്കുന്നില്ല.ക്ലീന്‍ കേരള കമ്പനിക്ക് മാസം 27500 രൂപ കണ്‍സല്‍റ്റന്‍സി ഫീസായി നല്‍കണമെന്നുണ്ട്. 6 മാസമായി ഈ തുകയും നല്‍കിയിട്ടില്ല. ഹരിതകര്‍മ സേനയ്ക്ക് നല്‍കേണ്ട പ്രതിഫലവും ഇതുവരെ നല്‍കിയിട്ടില്ല.