07 December, 2019 12:07:21 PM


സ്കൂളില്‍ വീണ്ടും പാമ്പ്: സീതത്തോട് ക്ലാസ് മുറിക്കു സമീപം ആറടി നീളമുള്ള മൂര്‍ഖന്‍



പത്തനംതിട്ട : സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ് മുറിക്കു സമീപമുള്ള മണ്‍തിട്ടയിലെ മാളത്തില്‍ ആറടി നീളത്തിലുള്ള മൂര്‍ഖന്‍. സീതത്തോട് മുണ്ടന്‍പാറ ഗവ.ട്രൈബല്‍ സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ് മുറിയ്ക്ക് മുന്നിലായിരുന്നു പാമ്പിന്‍റെ താവളം. കുട്ടികള്‍ക്ക് പേടി സ്വപ്നമായി മാറിയ വിഷപാമ്പിനെ ഒടുവില്‍ വനപാലകര്‍ കെണിയില്‍ കുരുക്കി. പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ റാന്നിയിലേക്കു കൊണ്ടു പോയി.


സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ് മുറിക്കു സമീപമുള്ള മണ്‍തിട്ടയിലെ മാളത്തില്‍ വ്യാഴാഴ്ച്ച പകലാണ് മൂര്‍ഖന്‍പാമ്പിനെ ആദ്യം കാണുന്നത്. മാളത്തിനു പുറത്തിറങ്ങിയെങ്കിലും ആളനക്കം കേട്ടതോടെ പാമ്പ് മാളത്തിനുള്ളിലേയ്ക്കു തിരികെ കയറുകയായിരുന്നു. സംഭവം അറിഞ്ഞ് പിടിഎ അംഗങ്ങളും വനപാലകരും സ്ഥലത്ത് എത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.


തുടര്‍ന്ന് ഇന്നലെ ദ്രുതകര്‍മ സേനാംഗങ്ങളെത്തി മണ്ണും, കല്ലും മാറ്റി വീണ്ടും തിരച്ചില്‍ ആരംഭിച്ചു. ഉച്ചയോടെയാണ് ആറ് അടിയോളം നീളം വരുന്ന മൂര്‍ഖനെ കണ്ടെത്തിയത്. പാമ്പിനെ കണ്ടയുടന്‍ തന്നെ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ക്ലാസ് സമീപ കെട്ടിടത്തിലേയ്ക്കു മാറ്റിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K