29 November, 2019 06:56:01 PM


'പെണ്ണിന്‍റെ വീട്ടുകാര്‍ അലമാര വെട്ടികീറി സ്വര്‍ണമാല പണിഞ്ഞ് വരന്‍റെ കഴുത്തിലിടും'; കുറിപ്പ് വൈറലാകുന്നു




പത്തനംതിട്ട: കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വിവാഹം. ഒരു വിവാഹം നടത്താന്‍ ഉള്ളവനും ഇല്ലാത്തവനും പണം വാരിയെറിയാന്‍ മടിയൊന്നും കാണിക്കാറില്ല. എന്നാല്‍ ഇത്തരം രീതികളെ കണ്ണുംപൂട്ടി എതിര്‍ക്കുന്ന ചില പുരോഗമന വാദികളുണ്ട്. ഇത്തരക്കാര്‍ക്കെതിരെ എഴുതുകയാണ് അഭിഭാഷകയും മാധ്യമപ്രവര്‍ത്തകയുമായ കാവ്യ ഐശ്വര്യ.


അടുത്തിടെ ഒരുമിക്കാന്‍ തീരുമാനിച്ച സോനു- നിഗേഷ് ഗേ ദമ്പതികള്‍ക്ക് കുറേയധികം കപട സദാചാര വാദികളെ നേരിടേണ്ടിവന്നു. ഇരുവരും വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചപ്പോള്‍ വൃത്തികെട്ട രീതിയില്‍ കമന്റുകളിട്ട സൈബര്‍ പുരോഗമന വാദികള്‍ക്കെതിരെയായിരുന്നു കാവ്യയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്.


ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;


"നാട്ടില്‍ ഒരു കല്യാണം കഴിഞ്ഞാല്‍ അന്നല്ലെങ്കില്‍ പിറ്റേന്ന് നല്ലവാതില്‍/മറുവീട്/അടുക്കളകാണല്‍. പേര് പലതാണെങ്കിലും, സംഗതി ഗോദ്റെജ് അലമാര പെട്ടി ഓട്ടോയില്‍ കയറ്റി ചെക്കന്‍റെ വീട്ടുമുറ്റത്ത് എത്തിക്കുന്ന ചടങ്ങാണ്. ചിലയിടത്ത് പെണ്ണിന്‍റെ വീട്ടുകാര്‍ അലമാര വെട്ടികീറി നീളത്തിലൊരു സ്വര്‍ണമാല പണിഞ്ഞ് വരന്‍റെ കഴുത്തിലിടും (പന്തലില്‍ മാല ഇട്ടില്ലെങ്കില്‍ ഓടിയന്‍സ് ഈ ചടങ്ങ് അകകണ്ണില്‍ കാണുന്നത് എത്രയോ നോക്കിനിന്നിരിക്കുന്നു).


ഗോദ്റെജ് പിന്നീട് ഔട്ട് ആയി. പകരം LG/Samsung കമ്പനികള്‍ ആ മാര്‍ക്കറ്റ് പിടിച്ചടക്കി. ഇപ്പോള്‍ അതും പോയി. എല്ലാവരെയും സാക്ഷിയാക്കി കീ (അലമാരയുടേതല്ല) കൈമാറുന്ന ഏര്‍പ്പാടായി. നല്ല വാതില്‍ മാറി റിസപ്ഷനായി. അടുക്കള കാണാന്‍ പറ്റിയില്ലേലും അടുക്കളയില്‍ ഉണ്ടാക്കിയതൊക്കെ ഒരുമിച്ച് കാണാനും കഴിക്കാനും വകുപ്പായി. അങ്ങനെ എന്തെല്ലാമാണ് ഓരോ കല്യാണത്തിനും കാഴ്ചവെക്കുന്ന വെറൈറ്റി കോണ്‍സെപ്റ്റ്‌സ്. 5 കൊല്ലത്തിനകം ഉണ്ടായ 500 മാറ്റങ്ങള്‍ എണ്ണിപ്പറയാന്‍ കഴിയില്ലെ നമുക്ക്?


മാറ്റങ്ങള്‍ അംഗീകരിക്കാന്‍ എളുപ്പം കഴിയുന്ന നമ്മള്‍... ഇത്തരം പുറംമോടികളില്‍ അഭിരമിക്കുന്നവര്‍ക്ക് രണ്ട് മനസ്സുകളെ അംഗീകരിക്കാന്‍ എന്താണിത്ര പ്രയാസം? ശാരീരികവും മാനസികവുമായ താല്പര്യങ്ങള്‍ക്കുള്ള മുന്‍ഗണന കഴിഞ്ഞിട്ട് പോരെ നാട്ടുകാരുടെ താല്പര്യങ്ങള്‍ക്ക് വിലവെക്കല്‍? സോനുവിന്റെയും നികേഷിന്റെയും വിവാഹ വാര്‍ത്തയ്ക്ക് താഴെ എത്ര വൃത്തികെട്ട അഭിപ്രായ പ്രകടനങ്ങളാണ് ഇതുങ്ങളൊക്കെ നടത്തുന്നത്! വിലപേശി കല്യാണഡീല്‍ ഉറപ്പിക്കുന്ന ടീമുകളാണ് ഇതൊക്കെയെന്ന് ഓര്‍ക്കണം.


LGBTQ എന്നീ അക്ഷരങ്ങള്‍ അഹങ്കാരത്തിന്‍റെ പുറത്ത് സ്വീകരിക്കുന്നവരല്ല ഇവരാരും, ഐഡന്റിറ്റിയാണ്. എനിക്കും നിങ്ങള്‍ക്കുമുള്ളതുപോലെ തികച്ചും ജൈവീകമായ അവസ്ഥ. ബഹന്‍, എന്നേം നിന്നേം പടച്ചുവിട്ടത് പോലെ ഇതും മുകളില്‍ ഇരിക്കുന്നവന്‍റെ ലീലാവിലാസമാണെന്ന്... ഒരു അഭിനവ പു/രോഗ/മന വാദി, ഫേസ്ബുക്കിലെ വിപ്ലവസിംഹിണി?ഇന്ന് രാവിലെ പങ്കുവെച്ച ചില ആശങ്കകളാണ് ഈ പോസ്റ്റിന് ആധാരം!"



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K