23 November, 2019 11:31:48 PM
വൃശ്ചികവാണിഭ മേളയില്‍ ഉണക്ക സ്രാവിന് ആവശ്യക്കാര്‍ ഏറെ; തെള്ളിയൂര്‍ ഉത്സവലഹരിയില്‍
- ശരണ്യ എസ് മോഹന്‍
തെള്ളിയൂര്‍: ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ലഭിക്കുന്ന തെള്ളിയൂര്‍കാവ് വൃശ്ചിക വാണിഭമേള ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോഴും ഉണക്ക സ്രാവിന് ആവശ്യക്കാര്‍ ഏറുന്നു. കൂട്ടായ്മയുടെ നിര്‍വൃതിയും ഉത്സവത്തിന്‍റെ ആഹ്ലാദവും മതസൗഹാര്‍ദ്ദത്തിന്‍റെ പ്രതീകവുമാണ് തെള്ളിയൂര്‍ക്കാവ് വൃശ്ചിക വാണിഭമേള.
അരയ സമുദായത്തില്‍പെട്ടവര്‍ അധ്വാനത്തിന്‍റെ ഭാഗമായി ഉണക്കസ്രാവ് ദേവിയ്ക്ക് സമര്‍പ്പിച്ചിരുന്നതിന്‍റെ അനുഷ്ഠാനമായാണ് ഇന്നും വ്യാപാരം തുടരുന്നത്. ഇത് തെള്ളിയൂര്‍ക്കാവ് വാണിഭത്തിന്‍റെ മാത്രം പ്രത്യേകത. വില കിലോയ്ക്ക് 500 രൂപ വരെയാണെങ്കിലും പഴമയുടെ ആചാരമെന്ന നിലയില്‍ മേളയില്‍ എത്തുന്ന ഭൂരിഭാഗം ആളുകളും ഉണക്കസ്രാവുമായാണ് മടങ്ങുന്നത്.
ഉപഭോക്തൃ സംസ്‌കാരത്തിന്‍റെ വേഗതക്കിടയിലും, പൗരാണിക ആചാരങ്ങളുടെ ഓർമ്മകളുണർത്തി പഴമയുടെയും പെരുമയുടെയും ആചാരത്തിന്‍റെയും പിന്തുടർച്ചയാവുകയാണ് തെള്ളിയൂർക്കാവ് വൃശ്ചികവാണിഭം. അന്യം നിന്നുപോകുന്ന പരമ്പരാഗത കാർഷികായുധങ്ങളും ഗൃഹോപകരണങ്ങളും മുതൽ ആധുനിക വസ്തുക്കൾ വരെ ലഭിക്കുമെന്നതാണ് തെള്ളിയൂർ മേളയെ ജനകീയമാക്കുന്നത്.
പരമ്പരാഗത ഉല്‍പ്പന്നങ്ങളായ ചട്ടിയും വട്ടിയും കുട്ടയും തഴപ്പായയും ചിരട്ടത്തവിയും ഉരലും ഉലക്കയും ആട്ടുകല്ലും തുടങ്ങി പുതുതലമുറയ്ക്ക് അന്യമാകുന്ന ഗൃഹോപകരണങ്ങള്‍ തേടി വാണിഭകേന്ദ്രത്തിലേക്ക് ജില്ലയ്ക്കകത്തും പുറത്തുനിന്നും നൂറുകണക്കിന് ആളുകളാണ് ദിനംപ്രതി എത്തുന്നത്. മണ്‍പാത്രങ്ങളും ചെമ്പ്, ഓട് പാത്രങ്ങളും ഇവിടെ സുലഭം. മധ്യതിരുവിതാംകൂറിലെ പ്രധാന വ്യാപാരമേളകളില്‍ ഒന്നായ വൃശ്ചികവാണിഭമേള നാട്ടിലാകെ ഉത്സവപ്രതീതി ഉണര്‍ത്തിയിരിക്കുകയാണ്. ഒപ്പം ഒരു പ്രദേശത്തിന്‍റെ സാംസ്‌കാരിക പൈതൃകത്തെ വിളംബരം ചെയ്യുകയും ചെയ്യുന്നു.