03 November, 2019 11:28:41 AM


അവന് അര്‍ബുദമാണെന്ന് അറിഞ്ഞിട്ടും അവള്‍ പ്രണയിച്ചു, വിവാഹം ചെയ്തു; എന്നാല്‍ ദൈവം കൈവിട്ടു




മുംബൈ: ജീവന് തുല്യം സ്‌നേഹിച്ച പുരുഷന് ക്യാന്‍സറുണ്ടെന്നും കേവലം 6 മാസം മാത്രമേ ജീവിയ്ക്കുകയുള്ളൂവെന്നും അറിഞ്ഞിട്ട് അവനൊപ്പം ജീവിച്ച പെണ്‍കുട്ടിയുടെ കഥ സോഷ്യല്‍ മീഡിയയെ കരയിക്കുന്നു. മുംബൈ സ്വദേശിനിയായ യുവതി ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് തന്‍റെ പ്രണയ കഥ പങ്കുവച്ചത്.


''അവന്‍ ഒരു അദ്ഭുതമായിരുന്നു.... ഒരു കോണ്‍ഫറന്‍സിലാണ് ഞങ്ങള്‍ ആദ്യം കാണുന്നത്. അപ്പോഴാണ് ഞങ്ങള്‍ ഇരുവരും ഒരു കോളേജിലാണ് പഠിക്കുന്നതെന്ന സത്യം ഞങ്ങള്‍ തിരിച്ചറിഞ്ഞത്. പരിചയപ്പെട്ട് അധികം കഴിയുന്നതിനു മുന്‍പ് ഞങ്ങള്‍ നന്നായി അടുത്തു. ആ സമയത്തൊക്കെ അവന്‍ വല്ലാതെ ക്ഷീണിതനായിരുന്നു. ദിവസങ്ങള്‍ കഴിയും തോറും അവന്റെ ക്ഷീണം കൂടിക്കൂടി വന്നു. അവസ്ഥ ഇങ്ങനെ തുടര്‍ന്നപ്പോള്‍ അവന്‍ ഡോക്ടറെ കണ്ടു. ഡോക്ടറുടെ അടുത്തു നിന്നും മടങ്ങിയ ശേഷം അവന്‍ ഒന്നും മിണ്ടാതെ ബാഗും പാക്ക് ചെയ്ത് അവന്റെ ജന്മനാട്ടിലേക്ക് പോയി.


അന്ന് വൈകിട്ട് അവനെന്നെ ഫോണ്‍വിളിച്ചു. ' എനിക്ക് കാന്‍സറാണ്, മൂന്നാമത്തെ ഘട്ടത്തിലാണ്' എന്നു പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനാല്‍ കീമോതെറാപ്പി തുടര്‍ന്നു. കോളേജ് കാലഘട്ടം കഴിഞ്ഞു, അവനെന്നോട് പ്രണയമാണെന്നും അവനെ വിവാഹം കഴിക്കാമോയെന്നും അവനെന്നോടു ചോദിച്ചു. എനിക്കെങ്ങനെ പറ്റില്ല എന്നു പറയാനാകും?. കാരണം അപ്പോഴേക്കും ഞാനവനുമായി ഭ്രാന്തമായ പ്രണയത്തിലായിക്കഴിഞ്ഞിരുന്നു. അങ്ങനെ ഞങ്ങളുടെ വിവാഹ നിശ്ചയച്ചടങ്ങുകള്‍ കഴിഞ്ഞു.


ഒരു സാധാരണ സന്ദര്‍ശനത്തിനിടയില്‍ അവനോട് എംആര്‍ഐ സ്‌കാന്‍ ചെയ്യാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. ഡോക്ടര്‍ ആ റിസല്‍ട്ട് പരിശോധിക്കുമ്പോള്‍ അവനൊപ്പം ഞാനും ആ മുറിയില്‍ ഉണ്ടായിരുന്നു. അവന്റെ ശരീരത്തില്‍ കാന്‍സര്‍ വ്യാപിച്ചിരുന്നു. ഡോക്ടര്‍ ഒരു ഷീറ്റ് പേപ്പറെടുത്തു. അതിലൊരു ശരീരം വരച്ച് അവന്റെ ശരീരത്തില്‍ കാന്‍സര്‍ ബാധിച്ച ഭാഗങ്ങള്‍ കുറേ നിറങ്ങളുപയോഗിച്ച് അടയാളപ്പെടുത്തി. ആ പേപ്പറില്‍ അദ്ദേഹം അടയാളപ്പെടുത്താത്ത ഒരു ഭാഗം പോലും ബാക്കിയില്ലായിരുന്നു. അവന് ഇനി ആറുമാസത്തെ ആയുസ്സ് കൂടിയേ ബാക്കിയുള്ളെന്ന് ഡോക്ടര്‍ പറഞ്ഞു. ഞാന്‍ തകര്‍ന്നു പോയി. എന്റെ ജീവിതം മുഴുവന്‍ അവനായി മാറ്റി വച്ച എനിക്ക് ഇനി ആറുമാസം കൂടിയേ അവനൊപ്പം സമയം ചിലവഴിക്കാനാവൂ.


പക്ഷേ, ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അവസാനം കാര്യങ്ങളൊക്കെ പ്രതീക്ഷയ്ക്ക് വിപരീതമായി സംഭവിച്ചു. അവനെ കാണാന്‍ അവനെപ്പോലെയേ അല്ലാതായി. ഒരു മാറ്റവുമില്ലാതെ തുടര്‍ന്ന നിലയില്‍ നിന്ന് അവന്‍ അവന്‍റെ അവസാന ശ്വാസമെടുത്തു. അവനില്ലാതെ സാധാരണ ജീവിതത്തിലേക്കു മടങ്ങി വരാന്‍ എനിക്കാവുമായിരുന്നില്ല. മാസങ്ങളോളം ഞാനൊരു ആശ്രമത്തില്‍ കഴിഞ്ഞു. ജീവിച്ചിരിക്കാനുള്ള ഒരേയൊരു വഴി മറ്റുള്ളവരെ സഹായിക്കുകയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഇപ്പോള്‍ ഞാന്‍ സജീവമായി ഡോക്ടര്‍മാരോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള കാന്‍സര്‍ രോഗികളോട് സംസാരിക്കുന്നുണ്ട്. അവന്റെ മരണം കാണേണ്ടിയിരുന്നില്ലെന്ന് ഞാന്‍ എപ്പോഴും വിചാരിക്കാറുണ്ട്. മറ്റൊരു ജന്മത്തില്‍ ഞങ്ങളിരുവരും ഒരുമിക്കുമെന്ന് പ്രത്യാശിക്കാറുണ്ട്. അങ്ങനെ എന്നെന്നും ഒരുമിക്കാന്‍ പ്രാര്‍ഥിക്കുന്നുമുണ്ട്.''



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K