22 October, 2019 03:12:48 PM
'വിധി ബലാത്സംഗം പോലെ; തടുക്കാനായില്ലെങ്കിൽ ആസ്വദിക്കുക'; ഹൈബി ഈഡന്‍റെ ഭാര്യയുടെ പോസ്റ്റ് വിവാദത്തിൽ
കൊച്ചി: എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യ അന്ന ലിൻഡ ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. കഴിഞ്ഞ ദിവസം കനത്ത മഴയിൽ ഹൈബി ഈഡന്റേതുൾപ്പെടെ നിരവധിയാളുകളുടെ വീട്ടിൽ വെള്ളം കയറിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ അന്ന ലിൻഡ ഫേസ്ബുക്കിൽ 'വിധി ബലാത്സംഗം പോലെ ; തടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആസ്വദിക്കാൻ ശ്രമിക്കുക' എന്ന് കുറിച്ചതാണ് വിവാദമായത്.
ഹൈബി ഈഡന്റെ വീടിന്റെ താഴത്തെ നിലയിൽ വെള്ളം കയറി. പാർക്ക് ചെയ്ത വാഹനവും മുങ്ങി. ഈ സമയത്ത് സ്ഥലത്തില്ലാത്ത ഹൈബി ഈഡൻ ആസ്വദിച്ച് സിസ്ലേഴ്‌സ് കഴിക്കുന്ന വീഡിയോയും, വീടിന് ചുറ്റും വെള്ളം കയറിയപ്പോൾ റെസ്‌ക്യൂ ബോട്ടിൽ കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന വീഡിയോയും അന്ന ലിൻഡ പങ്കുവച്ചിരുന്നു. ഇതിനൊപ്പം നൽകിയ വാചകമാണ് ചർച്ചകൾക്ക് വഴിയൊരുക്കിയത്. വിവാദമായതോടെ ഫേസ്ബുക്കിൽ നിന്ന് അന്ന തന്നെ പോസ്റ്റ് പിൻവലിച്ചു. പക്ഷെ ബലാത്സംഗം സംബന്ധിച്ച് ഇത്രയും മോശമായ തമാശ പോസ്റ്റായി ഇട്ടതിനെ നിശിതമായി വിമർശിച്ചുകൊണ്ടുള്ള ചർച്ചകൾ സോഷ്യൽ മീഡിയായായിൽ തുടരുകയാണ്.