13 October, 2019 08:43:04 PM


"ആത്മഹത്യാശ്രമം" വിജയിച്ചില്ല: ആ പാമ്പിന് പുനര്‍ജന്മം; ഒപ്പം അഭിഭാഷകന്‍റെ പ്രതിഷേധവും



പാലക്കാട്: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തട്ടി പരിക്കേറ്റ പെരുമ്പാമ്പിന് പുനര്‍ജന്മം. കഴിഞ്ഞ ദിവസമാണ് പ്ലാറ്റ്‌ഫോമിലൂടെ ഇഴഞ്ഞിറങ്ങിയ പാമ്പ് പാളം മുറിച്ച്‌ കടന്നത്. ഇതിനിടയില്‍ ട്രെയിന്‍ കടന്നുപോകുന്ന പാലത്തിലേക്ക് കേറാന്‍ ശ്രമിക്കുന്നതിനിടെ പാമ്പ് പരിക്കേറ്റ് വീണിരുന്നു. ഇതിന്‍റെ വീഡിയോ യാത്രക്കാര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. ട്രെയിനിന് തലവച്ച്‌ പെരുമ്പാമ്പിന്‍റെ ആത്മഹത്യയെന്നാണ് വിശേഷിപ്പിക്കപ്പെട്ടത്.


പിടഞ്ഞുവീണ പാമ്പ് അനക്കമില്ലാതെ കിടന്നപ്പോള്‍ ചത്തുപോയെന്നാണ് വീഡിയോ കണ്ടവര്‍ കരുതിയത്. എന്നാല്‍ പാമ്പ് ചത്തിട്ടില്ലെന്നും വെറ്റിനറി സര്‍ജന്‍ നടത്തിയ പരിശോധനയെതുടര്‍ന്ന് വിദഗ്ധചികിത്സ നല്‍കി പാമ്പിനെ രക്ഷപെടുത്തിയെന്നും സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന തന്‍റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. ഒപ്പം പാമ്പ് ആത്മഹത്യ ചെയ്തു എന്ന പേരിൽ വീഡിയോ പ്രചരിപ്പിച്ചവരോടുള്ള  തന്‍റെ പ്രതിഷേധവും അദ്ദേഹം തന്‍റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.


നാലാമത്തെ പ്ലാറ്റ്‌ഫോമിലെത്തിയ പാമ്പ് രണ്ട് പാളങ്ങള്‍ മുറിച്ച്‌ കടന്ന് അടുത്ത പാളത്തിലേക്ക് കടന്നപ്പോഴാണ് ട്രെയിന്‍ തട്ടി പരിക്കേറ്റത്. സ്റ്റേഷനിലുണ്ടായിരുന്ന ചില യാത്രക്കാരാണ് മൊബൈല്‍ഫോണ്‍ ഉപയോഗിച്ച്‌ പാമ്പ് ട്രെയിനിനടിയില്‍പ്പെടുന്ന വീഡിയോ ചിത്രീകരിച്ചത്. എന്നാല്‍ പരിക്കേറ്റ പാമ്പിനെ രക്ഷപ്പെടുത്താന്‍ ആരും തയ്യാറായില്ല. അതേസമയം, യാത്രക്കാര്‍ വിവരമറിഞ്ഞ് എത്തിയ വനംവകുപ്പ് ജീവനക്കാര്‍ പാമ്പിനെ ഏറ്റെടുക്കുകയായിരുന്നു. ചത്തെന്ന് കരുതി ഓഫീസിലേക്ക് കൊണ്ടുവന്ന പാമ്പിന് ഇടയ്ക്ക് അനക്കമുണ്ടെന്ന് സംശയം തോന്നിയ വനംവകുപ്പ് ജീവനക്കാര്‍ വെറ്റിറിനറി സര്‍ജനെ വിളിച്ചുവരുത്തി.


തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാമ്പ് ചത്തിട്ടില്ലെന്ന് വ്യക്തമായത്. ഉടന്‍തന്നെ മലമ്പുഴയിലെ പാമ്പ് സംരക്ഷണകേന്ദ്രത്തിലെ വിദഗ്ദര്‍ എത്തി പരിക്കേറ്റ പാമ്പിന് ചികിത്സ നല്‍കി. വിദഗ്ദ ചികിത്സയ്‌ക്കൊടുവില്‍ പാമ്പ് രക്ഷപ്പെടുകയായിരുന്നു. ഇക്കാര്യം ഫോറസ്റ്റ് ഓഫീസര്‍ ജമാലുദ്ദീന്‍ ലബ്ബ പറഞ്ഞതായാണ് അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന വ്യക്തമാക്കുന്നത്. 



ശ്രീജിത് പെരുമനയുടെ ഫേസ് ബുക്ക് കുറിപ്പ് ...



"# ചത്തിട്ടില്ല !

അറിയണം നാറികളെ നിങ്ങളിത്...

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പാമ്പ് ആത്മഹത്യ ചെയ്തു എന്ന പേരിൽ വീഡിയോ പ്രചരിപ്പിച്ച് ആത്മരതിയടഞ്ഞ പരനാറികൾ അറിയാനാണ്,

അന്ന് വീഡിയോ പ്രചരിപ്പിച്ച് നിങ്ങൾ ഹാലിളകി പുളകം കൊണ്ട തീവണ്ടിക്കടിയിൽപ്പെട്ട് പരിക്കേറ്റ മലമ്പാമ്പ് ചത്തിട്ടില്ല. ഇപ്പോഴും ജീവനോടെയുണ്ട്. മനുഷ്യരായി പിറന്ന ആരോ ഫോറസ്റ്റ് അധികൃതരെ അറിയിച്ചതിനെ തുടർന്നാണ് രക്ഷിച്ചത്. പരിക്ക് ഭേദമായി വരുന്നു.

കഴിഞ്ഞ ദിവസമാണ് റെയിൽവേ സ്റ്റേഷനിൽ

പ്ലാറ്റ്ഫോമിലൂടെ മലമ്പാമ്പെത്തിയത്. നാലാമത്തെ പ്ലാറ്റ്ഫോമിലൂടെ ഇഴഞ്ഞിറങ്ങിയ പാമ്പ് രണ്ട് പാളം മുറിച്ചുകടന്ന ശേഷം തീവണ്ടി പോയിക്കൊണ്ടിരിക്കുന്ന പാളത്തിലേക്ക് തലവെച്ച ഉടൻ പരിക്കേറ്റ് വീണ് പിടഞ്ഞു. പാമ്പ് പോകുന്നതും പാളത്തിലൂടെ കയറുന്നതുമെല്ലാം യാത്രക്കാർ മൊബൈൽ ക്യാമറയിൽ പകർത്തിയെങ്കിലും രക്ഷിക്കാൻ ശ്രമിച്ചില്ല എന്ന് മാത്രമല്ല പാമ്പ് പിടഞ്ഞുവീഴുന്നതുവരെയുള്ള ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് കമന്റ് ചെയ്തും ആർത്ത് ചിരിച്ചും ആഘോഷിക്കുകയായിരുന്നു സൈക്കോപാത്തുകളായ ഒരുകൂട്ടം ഊളകൾ.

അതിനിടയിൽ ഉദാത്ത മാധ്യമധർമ്മവുമായി മലയാളത്തിലെ 24 ന്യുസ് ചാനൽ ഇക്കാര്യം അതീവ പരിഹാസ്യമായി വാർത്തയും നൽകി. പാമ്പ് ആത്മഹത്യ ചെയ്തു എന്ന തലക്കെട്ടിൽ പരിഹാസം നിറച്ചുകൊണ്ടായിരുന്നു ഒരുമാതിരി പൂഞ്ഞാറ്റിലെ വാർത്ത.

എന്നാൽ മനസിൽ നന്മയുള്ള ഏതോ യാത്രക്കാരൻ അറിയിച്ചതിനെത്തുടർന്ന് വനംവകുപ്പുദ്യോഗസ്ഥർ പാമ്പിനെ കൊണ്ടുപോയി. പിന്നീട് മലമ്പുഴയിൽനിന്ന് പാമ്പ് സംരക്ഷണകേന്ദ്രത്തിലെ ജീവനക്കാരെത്തി ചികിത്സ നൽകിയാണ് രക്ഷിച്ചതെന്ന് ഫോറസ്റ്റ് ഓഫീസർ ജമാലുദ്ദീൻ ലബ്ബ പറഞ്ഞു.

#അജ്ഞാതനായ ആ യാത്രക്കാരനും, ഫോറസ്റ്റ് അധികൃതർക്കും 

വാൽ : പാമ്പിനെ പിടിക്കാൻ പോയാൽ കടി കിട്ടിയാൽ നീ വരില്ലല്ലോ, നിന്റെ വീട്ടുകാർക്കാണ് പാമ്പിന്റെ കടിയേറ്റതെങ്കിലോ, നിന്റെ വീട്ടിലാണെങ്കിലോ പാമ്പ് വന്നത് തുടങ്ങിയ ചോദ്യങ്ങളുമായി ഈ പോസ്റ്റിൽ വരുന്നവർക്ക് അർഹമായ മറുപടികളായിരിക്കും ലഭിക്കുക. പാമ്പിനെ കൈകൊണ്ട് പിടിച്ചെടുത്ത് രക്ഷിക്കണമായിരുന്നു എന്നൊ, നിങ്ങൾ ഉടൻ ഫോറസ്റ്റ് അധികൃതരെ വിളിക്കണമെന്നോ പറയുന്നില്ല...പാമ്പുകളെ സഹജീവികളായി പോലും കാണാത്തവരോട് പറഞ്ഞിട്ടും കാര്യമില്ല. പക്ഷെ ചുരുങ്ങിയപക്ഷം പകർത്തിയ ആ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തപ്പോൾ ഏറ്റവും മാന്യമായൊരു തലക്കെട്ട് എങ്കിലും കൊടുക്കാമായിരുന്നു എന്നത് മാത്രമാണ്.


അഡ്വ ശ്രീജിത്ത് പെരുമന"



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K