11 October, 2019 11:31:22 PM
ടിക് ടോക് പരിചയം പ്രണയമായി; അവസാനം കഥയിലെ രാജകുമാരിയും, ഗോപകുമാരനും ഒന്നായി
ആലത്തൂർ: തമാശയും, കാര്യങ്ങളും, കോമഡിയും നിറച്ച് വീഡിയോകള്‍ ടിക് ടോക്കില്‍ പ്രചരിക്കുമ്പോള്‍ ബിജു അറിഞ്ഞില്ല അവളുടെ കണ്ണ് തന്നിൽ പതിച്ചത്. ഒരു മാസത്തെ പരിചയം പ്രണയമായി മാറിയപ്പോള്‍ ടിക്‌ടോക്ക് സൗഹൃദം നീങ്ങിയത് ദാമ്പത്യത്തിലേക്ക്. ടിക് ടോക്കില്‍ സജീവമായി ഇടപെട്ടിരുന്ന വടക്കഞ്ചേരി കാളാംകുളം മംഗലം വീട്ടില്‍ ശിവദാസന്റെയും, ശാന്തയുടെയും മകൻ ബിജു (22)വും, നല്ലേപ്പിള്ളി തോട്ടശ്ശേരി തെക്കേദേശം മാധവന്റെയും, സൗദാമിനിയുടെയും മകൾ സരിത (21)യുമാണ് വ്യാഴാഴ്ച ജീവിതത്തിലേക്ക് കൈപിടിച്ചു കയറിയത്.
വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലം ശിവക്ഷേത്രത്തില്‍ വെച്ചാണ് കുടുംബാംഗങ്ങളും, സുഹൃത്തുക്കളും സാക്ഷിയായി സരിതയുടെ കഴുത്തില്‍ ബിജു മിന്ന് ചാര്‍ത്തിയത്. വടക്കഞ്ചേരി മദര്‍ തേരേസ യു.പി.സ്‌കൂളിലെ സിമ്മിംങ് പൂള്‍ മാനേജരാണ് ബിജു. തൃശൂരിലെ സ്വകാര്യ തുണിക്കടയിലെ സെയില്‍ ഗേളായി ജോലി ചെയ്യുകയാണ് സരിത. വിവാഹശേഷം കഥയിലെ രാജകുമാരിയും, ഗോപകുമാരനും ഒന്നായി വീടിന്റെ പടിവാതില്‍ നിലവിളക്കുമായി കയറിയപ്പോള്‍ പുതു ജീവിതത്തിന് തുടക്കം കുറിച്ച വീഡിയോയും ടിക് ടോക്കില്‍ സ്ഥാനം പിടിച്ചു.