11 October, 2019 12:59:48 PM
"ജീവിതം മടുത്തു, ആത്മഹത്യ തന്നെ പോംവഴി"; ട്രെയിനിന് 'തല വെക്കുന്ന' പെരുമ്പാമ്പിന്‍റെ വീഡിയോ വൈറലാകുന്നു
ഷൊര്‍ണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ പെരുമ്പാമ്പ് ആത്മഹത്യ ചെയ്യുന്നുവെന്ന തലക്കെട്ടോടു കൂടിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. മനുഷ്യന്‍ മാത്രമല്ല മൃഗങ്ങളും ആത്മഹത്യ ചെയ്യുമെന്നാണ് ഇതോടെ സോഷ്യല്‍മീഡിയയുടെ കണ്ടെത്തലുകള്‍. ആത്മഹത്യയെന്ന് തോന്നിക്കും വിധം പെരുമ്പാമ്പ് പ്ലാറ്റ്‌ഫോമില്‍ നിന്നും ഇഴഞ്ഞു നീങ്ങി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് അടുത്തേക്ക് എത്തിയതാണ് വീഡിയോ ഇത്തരത്തില്‍ പ്രചരിക്കാന്‍ കാരണമായത്.
ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവമത്രേ. പെരുമ്പാമ്പ് പ്ലാറ്റ്‌ഫോമിലൂടെ ഇഴഞ്ഞ് ഒരു ഒഴിഞ്ഞ റെയില്‍വേ ട്രാക്ക് മുറിച്ചു കടന്ന് അപ്പുറത്തെ ട്രാക്കിലൂടെ പോകുന്ന ട്രെയിനിനു 'തലവെക്കുക'യാണ് എന്ന കുറിപ്പോടുകൂടിയാണ് വീഡിയോ പ്രചരിക്കുന്നത്. തലയിലൂടെ ട്രെയിന്‍ കടന്നു പോകുമ്പോള്‍ ട്രാക്കില്‍ നിന്നും ഇപ്പുറത്തേക്ക് വീഴുന്ന പാമ്പ് പിടഞ്ഞു ചലനമറ്റു കിടക്കുന്ന കാഴ്ചയാണ് വീഡിയോയില്‍. പ്ലാറ്റ്‌ഫോമില്‍ നിന്നും ആരോ പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്.