09 October, 2019 10:14:33 AM


ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഇറങ്ങിയ യുവതി പിടിച്ചത് പുലിവാല്



ആറന്മുള: ഭർത്താവിന്‍റെ സുഹൃത്തിനൊപ്പം ഒന്നര വയസുള്ള പെൺകുഞ്ഞിനെയുമായി യുവതി നാടുവിട്ടു. പൊലീസ് കേസും പുലിവാലുമായതോടെ കുഞ്ഞിനെയും കാമുകിയെയും കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് ഉപേക്ഷിച്ച ശേഷം കാമുകനും നാടുവിട്ടു. അവസാനം ആത്മഹത്യയ്‌ക്കൊരുങ്ങിയ പെൺകുട്ടിയെ രക്ഷപെടുത്തി പൊലീസ് രംഗത്തെത്തി. ആറന്മുള സ്വദേശിനി 24 കാരിയായ യുവതിയാണ് ഭർത്താവിനെ ഉപേക്ഷിച്ച് കുഞ്ഞിനെയും എടുത്ത് വീടുവിട്ടിറങ്ങിയത്.


യുവതിയുടെ ഭർത്താവിന് കൂലിപ്പണിയാണ്. ഈ ജോലികളിൽ ഇയാളെ സഹായിക്കുന്നതിനായാണ് സുഹൃത്ത് വീട്ടിൽ എത്തിയിരുന്നത്. സ്ഥിരമായി വീട്ടിലെത്തിയ യുവാവ് യുവതിയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് യുവതി ഭർത്താവിന്റെ സുഹൃത്തിനൊപ്പം വീട് വിട്ടിറങ്ങുകയും ചെയ്തു. യുവതിയെ കാണാനില്ലെന്ന് കാട്ടി ഇതിനിടെ ഭർത്താവ് ആറന്മുള പൊലീസിൽ പരാതി നൽകി. ഈ സമയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്തുള്ള ലോഡ്ജിൽ താമസിക്കുകയായിരുന്നു യുവതിയും കാമുകനും. ഭർത്താവിന്റെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് സംഘം യുവതിയും കാമുകനും മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തുണ്ടെന്ന് കണ്ടെത്തി. ഇതിനിടെ കാമുകൻ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് ഉപേക്ഷിച്ച ശേഷം സ്ഥലം വിട്ടു.


യുവതിയാകട്ടെ എങ്ങോട്ട് പോകണമെന്നറിയാതെ കുഞ്ഞിനെയും കൊന്ന് ജീവനൊടുക്കാമെന്ന് നിശ്ചയിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് യുവതിയും കുട്ടിയും അലഞ്ഞ് തിരിയുന്നതായി വിവരം ലഭിച്ച  ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി യുവതിയെ പിടികൂടി. ചോദ്യം ചെയ്തതോടെയാണ് യുവതി ആറന്മുളയിൽ നിന്നും എത്തിയതാണെന്നും കാമുകൻ ഉപേക്ഷിച്ച ശേഷം നാട് വിട്ടതാണെന്നും കണ്ടെത്തിയത്. യുവതിയെ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച  ശേഷം ബന്ധുക്കളെ വിളിച്ചു വരുത്തി അവരോടൊപ്പം വിട്ടയച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K