03 October, 2019 04:37:08 PM
കൈവിട്ട സന്ദേശം മായ്ക്കാൻ പുതിയ വാട്സാപ് ഓപ്ഷൻ; 'ഡിലീറ്റ് ഫോർ എവരിവൺ' പരിഷ്കരിക്കുന്നു
ന്യൂയോർക്ക് : വാട്സാപ്പിൽ 'കൈവിട്ടുപോയ' സന്ദേശങ്ങൾ മായ്ച്ചുകളയാനുള്ള സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നു. നിലവിലുള്ള 'ഡിലീറ്റ് ഫോർ എവരി വൺ' എന്ന ഓപ്ഷനിലാണു മാറ്റം. അയയ്ക്കുന്ന മെസേജ് നിശ്ചിത സമയത്തിനുശേഷം താനേ മായുന്ന 'ഡിസപ്പിയറിങ് മെസേജ്' ആണു പുതിയ സംവിധാനങ്ങളിലൊന്ന്. 5 മിനിറ്റ്, ഒരു മണിക്കൂർ എന്നിങ്ങനെ 2 സമയപരിധിയാണു തിരഞ്ഞെടുക്കാനുണ്ടാവുക.
ജി മെയിലിലും ടെലഗ്രാം ആപ്പിലും നിലവിൽ സമാനമായ സംവിധാനമുണ്ട്. നിലവിൽ വാട്സാപ്പിൽ 'ഡിലീറ്റ് ഫോർ എവരിവൺ' ഓപ്ഷനിൽ മായ്ച്ചാൽ മെസേജ് കിട്ടിയവരുടെ ഫോണിൽ നമ്മൾ അതു ഡീലീറ്റ് ചെയ്തു എന്ന അറിയിപ്പു കിട്ടാറുണ്ട്. ഈ അറിയിപ്പും പുതിയ അപ്ഡേറ്റിൽ ഇല്ലാതായേക്കും. പുതിയ ഓപ്ഷനുകൾ വൈകാതെ പ്രാബല്യത്തിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.