28 September, 2019 10:37:42 PM


ഒറ്റ മറുപടി: സമൂഹമാധ്യമങ്ങളില്‍ താരമായി ഏറ്റുമാനൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എ.ജെ.തോമസ്



കോട്ടയം: ഒറ്റ മറുപടി കൊണ്ട് സമൂഹമാധ്യമങ്ങളില്‍ താരമായി മാറിയിരിക്കുകയാണ് ഏറ്റുമാനൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എ.ജെ.തോമസ്. മലയാളി എവിടെയുണ്ടോ അവിടെല്ലാം ഇപ്പോള്‍ ചര്‍ച്ചയാണ് എ.ജെ.തോമസും ഇദ്ദേഹം  ഏറ്റുമാനൂര്‍ നഗരസഭാ സെക്രട്ടറിയുടെ കത്തിന് നല്‍കിയ മറുപടിയും. നഗരത്തില്‍ ചിറക്കുളത്തിന് സമീപം തമ്പടിച്ചിരിക്കുന്ന നാടോടികളെ ഒഴിപ്പിക്കണമെന്നും പുനരധിവാസത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി എന്‍.കെ.വൃജ 'സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്' എന്ന വിലാസത്തില്‍ നല്‍കിയ കത്താണ് മികച്ച പോലീസ് ഉദ്യോഗസ്ഥനുള്ള അവാര്‍ഡ് കരസ്ഥമാക്കിയിട്ടുളള എ.ജെ.തോമസിന്‍റെ പേര് സമൂഹമാധ്യമങ്ങളില്‍ പറപറക്കുന്നതിന് ഹേതുവായത്.


കുടിയേറ്റം ഒഴിപ്പിക്കുന്നതും മറ്റും നഗരസഭാ സെക്രട്ടറിയുടെ ജോലിയാണെന്ന് കേരളാ മുനിസിപ്പാലിറ്റി ആക്ടിലെ സെക്ഷനുകള്‍ നിരത്തി കൊണ്ട് എസ്എച്ച്ഓ മറുപടി നല്‍കി. കേരളാ മുനിസിപ്പാലിറ്റി ആക്ട് സെക്ഷന്‍ 22 (ഡി) പ്രകാരവും കേരളാ മുനിസിപ്പാലിറ്റി ആക്ട് ഫസ്റ്റ് ഷെഡ്യൂള്‍ സെക്ഷന്‍ 30 (എ) പ്രകാരവും അഗതികള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കേണ്ട ചുമതലയും അനധികൃതകുടിയേറ്റക്കാരെ ഒഴിപ്പിക്കേണ്ട ചുമതലയും  താങ്കള്‍ക്കാണെന്ന് സെക്രട്ടറിയെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു അദ്ദേഹം. ഔദ്യോഗികകൃത്യനിര്‍വ്വഹണത്തിന് പോലീസ് സഹായം ആവശ്യമുണ്ടെങ്കില്‍ ആവശ്യാനുസരണം നല്‍കാമെന്നും വ്യക്തമാക്കി എസ്എച്ച്ഓ കത്ത് നല്‍കിയത് കൈരളി വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിവിധ മാധ്യമങ്ങളും സോഷ്യല്‍ മീഡിയായും ഇത് ഏറ്റെടുത്തത്. 



എസ്എച്ച്ഓയുടെ ഈ കിടിലന്‍ മറുപടി ഇല്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ നഗരസഭാ പരിധിയിലെ തെരുവ് വൃത്തിയാക്കലും തോട്ടിപണിയും വരെ പോലീസിനോട് ചെയ്യാന്‍ കല്‍പ്പിക്കപ്പെട്ടേനെ. വിവിധ മാധ്യമങ്ങളും സോഷ്യല്‍ മീഡിയായും ഏറ്റെടുത്തതോടെ പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും സംഭവത്തിന്‍റെ ഗൗരവം മനസിലായി. നഗരസഭാ സെക്രട്ടറി നല്‍കിയ കത്തും ഒറ്റ മറുപടിയില്‍ താരമായ തങ്ങളുടെ ചങ്ക് ഇന്‍സ്‌പെക്ടറുടെ മറുപടി കത്തും സമൂഹമാധ്യമങ്ങളിലൂടെ പറപറപ്പിക്കുവാന്‍ അവരില്‍ ചിലരും മുന്നിലെത്തി.


സെക്രട്ടറി സൂചിപ്പിച്ച 'സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് എന്ന പദവി 1-1-2018 മുതല്‍ നിര്‍ത്തലാക്കിയിട്ടുള്ളതാണെന്നുള്ള വിവരം അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു' എന്നായിരുന്നു സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ എ.ജെ.തോമസ് നല്‍കിയ കത്തിന്റെ തുടക്കം തന്നെ. സെക്രട്ടറി നല്‍കിയ കത്ത് അവരുടെ സ്വന്തം സൃഷ്ടിയാണോ അതോ മുനിസിപ്പല്‍ ചെയര്‍മാന്റെയോ കൗണ്‍സിലിന്റെയോ നിര്‍ദ്ദേശപ്രകാരമോ എന്നത് വെളിവായിട്ടില്ല. എന്നാലും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്ന തസ്തിക ഇപ്പോള്‍ ഇല്ലെന്ന വിവരം പോലും സെക്രട്ടറിയോ ഇവര്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരോ ഇതുവരെ അറിഞ്ഞിട്ടില്ല. ബാല്യത്തില്‍ നീന്തികളിക്കുന്ന ഏറ്റുമാനൂര്‍ നഗരസഭ പിന്നെങ്ങനെ ഒന്നു പിച്ചവെച്ചുതുടങ്ങും എന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം.


നഗരസഭയില്‍ ഒട്ടേറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ സെക്രട്ടറി ഇങ്ങനെയൊരു കത്തെഴുതിയത് തങ്ങളുടെ ജോലി പോലീസിന്‍റെ തലയില്‍ കൊടുത്ത് പ്രശ്‌നങ്ങളില്‍ നിന്നും 'നൈസ്' ആയി ഊരുക എന്ന ഉദ്ദേശത്തോടെയായിരുന്നുവത്രേ. പക്ഷെ, ഇതുപോലെ തിരിച്ച് കടിക്കുമെന്ന് സ്വപ്‌നേപി വിചാരിച്ചില്ല.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.5K