22 September, 2019 11:42:19 AM


ചതിച്ചു! വഞ്ചിച്ചു!! കബളിപ്പിച്ചു!!! മഹാനായ ഗർവാസീസ് ആശാൻ ക്ഷമിക്കാനാണ് സാധ്യത



കൊച്ചി: തീരദേശ നിയമം ലംഘിച്ചെന്ന് ചുണ്ടിക്കാട്ടി സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റ് സമുച്ചയം പൊളിക്കുന്നത് തടയാനോ, സ്വാധീനിക്കാനോ ചെറുവിരല്‍ പോലും താന്‍ അനക്കിയിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസിനെ ട്രോളി അഡ്വ.ജയശങ്കർ. ഫേസ്ബുക്കിലെ ജയശങ്കറിന്റെ പോസ്റ്റ് ഇതിനോടകം വൈറലായി.


മരടിലെ ഹോളിഫെയ്ത്തില്‍ ഫ്‌ളാറ്റ് വാങ്ങിയ തന്നെ ബില്‍ഡര്‍മാര്‍ കബളിപ്പിച്ചതാണെന്നും സൗകര്യങ്ങള്‍ മുന്‍ നിര്‍ത്തി ഇവിടെ ഫ്‌ളാറ്റ് വാങ്ങിയ താനും ഇരയാണെന്നും ബ്രിട്ടാസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജയശങ്കർ തന്റെ പേജിൽ കുറിപ്പെഴുതിയത്..




"ചതിച്ചു! വഞ്ചിച്ചു!! കബളിപ്പിച്ചു!!!


ആരെ? എട്ടും പൊട്ടും തിരിയാത്ത കുട്ടികളെയല്ല, മുഖ്യമന്ത്രിയുടെ (പ്രതിഫലം വാങ്ങാത്ത) മാധ്യമോപദേഷ്ടാവിനെ.

 
ആര്? ഹോളി ഫെയ്ത്ത് ബിൽഡേഴ്സ്. 


എങ്ങനെ? മരടിൽ അനധികൃതമായി നിർമിച്ച പാർപ്പിട സമുച്ചയത്തിലെ ഒരു ഫ്ലാറ്റ് വലിയ വിലയ്ക്കു വിറ്റുകൊണ്ട്. 


ജോൺ ബ്രിട്ടാസ് നന്മയും ഹൃദയ ശുദ്ധിയുമുളള ആളാണ്. പുഴ കയ്യേറിയും തീരദേശ നിയമം ലംഘിച്ചുമാണ് ഹോളി ഫെയ്ത്തുകാർ കെട്ടിടം പണിതതെന്നോ വളരെ കാലമായി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് നടക്കുന്നതോ അറിഞ്ഞില്ല. ജെബി ജങ്ഷനിലും ആരും പറഞ്ഞില്ല. മരട് മുൻസിപ്പാലിറ്റി കൊടുത്ത നമ്പറിലെ അപാകത ശ്രദ്ധയിൽ പെട്ടില്ല. 


ഹോളി ഫെയ്ത്തിൽ നല്ല ഫെയ്ത്ത് ഉണ്ടായിരുന്നു. അവരെ സർക്കാരിന്റെ ചില ജോലികൾ ഏല്പിക്കുകയുമുണ്ടായി. 


സുപ്രീംകോടതിയിലെ കണ്ണിൽ ചോരയില്ലാത്ത ജഡ്ജിമാർ കെട്ടിടം പൊളിക്കാൻ ഉത്തരവിട്ടപ്പോഴാണ് ചതി മനസിലായത്. 


പാവപ്പെട്ടവരുടെ പാർട്ടിയെ സമരത്തിനിറക്കിയതിൽ ബ്രിട്ടാസിനു പങ്കുണ്ടോ? ഇല്ല. അദ്ദേഹം ചെറുവിരൽ അനക്കിയിട്ടില്ല.

 
ഇനി എന്തു ചെയ്യും? പനങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുമോ അതോ നഷ്ട പരിഹാരത്തിന് സിവിൽ കേസ് കൊടുക്കണോ എന്ന് ആലോചിക്കുന്നു. മഹാനായ ഗർവാസീസ് ആശാൻ ക്ഷമിക്കാനാണ് കൂടുതൽ സാധ്യത. 


മരടിൽ നിന്ന് അധികം ദൂരെയല്ല, ഇടപ്പള്ളി. അവിടെ ജനിച്ച കവി ചങ്ങമ്പുഴ പണ്ടേ പാടിയിട്ടുണ്ട്: 

"എങ്കിലും ബ്രിട്ടാസേ ലോകമല്ലേ? 
പങ്കില മാനസർ കാണുകില്ലേ?"



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K