04 September, 2019 05:55:08 PM


അമ്പലപ്പുഴ പാൽപായസത്തിനും വ്യാജൻ; സ്വകാര്യ കമ്പനിയ്ക്കെതിരെ വിശ്വാസികള്‍




തിരുവല്ല: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ വഴിപാട് പ്രസാദമായ  അമ്പലപ്പുഴ പാൽപായസത്തിനും വ്യാജന്‍. സമാന പേരിൽ നിരണം കടപ്ര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ ഫുഡ് പ്രൊഡക്ട് കമ്പനി വിപണിയിൽ ഇറക്കിയിട്ടുള്ള പാൽപായസത്തിന്‍റെ വിൽപന തടയണമെന്ന് ആവശ്യവുമായി ക്ഷത്രിയ ക്ഷേമസഭ ഉള്‍പ്പെടെയുള്ള ഹൈന്ദവസംഘടനകള്‍ രംഗത്ത്.


മധ്യതിരുവിതാംകൂറിലെ പ്രമുഖ ബേക്കറികളിൽ കൂടി ഓണത്തിനോടനുബന്ധിച്ച് വൻ വിൽപന ലക്ഷ്യമാക്കിയാണ് കമ്പനി  ഈ പേരില്‍ പാൽപായസം വിപണിയിൽ ഇറക്കിയത്. ഭക്തജനങ്ങളുടെ വിശ്വാസം മുതലെടുത്ത് വിശ്വാസ വഞ്ചനയിലൂടെ ലാഭം കൊയ്യുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന്  ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന പ്രസിഡന്‍റ് കെ.എൻ. സുരേന്ദ്രനാഥ വർമ്മ , ജനറൽ സെക്രട്ടറി ആത്മജവർമ്മ തമ്പുരാൻ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.


പായസം വിപണിയിൽ നിന്നു പിൻവലിച്ച് പത്രമാധ്യമങ്ങളിൽ കൂടി ഖേദം പ്രകടിപ്പിക്കണമെന്നും സഭ ആവശ്യപ്പെട്ടു. സമാന സംഘടനകളുമായി ചേർന്ന് നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജനറൽ സെക്രട്ടറി ആത്മജവർമ്മ തമ്പുരാൻ അറിയിച്ചു. മുഖ്യമന്ത്രിക്കു പുറമേ ദേവസ്വം മന്ത്രി, ദേവസ്വം ബോർഡ് പ്രസിഡന്‍റ്, ആലപ്പുഴ, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവികൾ, ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണർ എന്നിവർക്കും പരാതി അയച്ചതായും ക്ഷത്രിയ ക്ഷേമസഭ ഭാരവാഹികൾ പറഞ്ഞു.


എന്നാല്‍ പരാതികളില്‍ നിന്ന് രക്ഷപെടാന്‍ അമ്പലപ്പുഴ എന്ന ഇംഗ്ലീഷ് വാക്കിലെ എ, യു എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കിയാണ് കമ്പനി ഉപഭോക്താക്കളെ പറ്റിക്കുന്നത്. എന്നാല്‍ ഒറ്റനോട്ടത്തില്‍ അമ്പലപ്പുഴ പാല്‍പായസം എന്നേ വായിക്കൂ എന്നതിനാല്‍ വഞ്ചന ലക്ഷ്യമിട്ട് തന്നെയാണ് ഇവര്‍ പായസം വിറ്റഴിക്കുന്നതെന്നാണ് ആരോപണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K